ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

Thursday 29 September 2022 12:10 AM IST

കുൽഗാം: ജമ്മു കാശ്മീരിലെ കുൽഗാമിൽ 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ ആക്രണത്തിൽ പാകിസ്ഥാനിയുൾപ്പെടെ മൂന്ന് ജെയിഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദികളായ മുഹമ്മദ് ഷാഫി ഗാനി, മുഹമ്മദ് ആസിഫ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിയെ തിരിച്ചറിഞ്ഞിട്ടില്ല.

കുൽഗാമിലെ അഹ്വാതു മേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസും സൈന്യവും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ അന്വേഷണത്തിനിടെയാണ് വെടിവയ്പുണ്ടായത്.

അപു ഹുററ എന്ന പാകിസ്ഥാൻ തീവ്രവാദിയുമാള്ള ഏറ്റുമുട്ടലിനിടെ സൈനികനുൾപ്പെടെ രണ്ട് പ്രദേശവാസികൾക്കും വെടിയേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ നടന്ന രണ്ട് സ്ഥലങ്ങളിൽ നിന്ന് എ.കെ 56, രണ്ട് എ.കെ 47, പിസ്റ്റൾ, ഗ്രനേഡ് തുടങ്ങി നിരവധി ആയുധങ്ങൾ കണ്ടെത്തി. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ കൊല്ലപ്പെട്ട പാക് ഭീകരന് പങ്കുണ്ടെന്ന് കാശ്മീർ എ.ഡി.ജി.പി വിജയ് കുമാർ പറഞ്ഞു.