കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: എതിരാളിയെ കാത്ത് തരൂർ; ദിഗ് വിജയ്‌ക്കും സാദ്ധ്യത

Thursday 29 September 2022 12:30 AM IST

 നിർണായ ചർച്ചയ്‌ക്കായി ഗെലോട്ട് ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, രാജ്യസഭാ എം.പിയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയേറി. രാജസ്ഥാനിലെ അപ്രതീക്ഷിത നീക്കത്തിലൂടെ ഹൈക്കമാൻഡ് കൈവിട്ട അശോക് ഗെലോട്ടിന് പകരമാകും ദിഗ് വിജയ് സിംഗ് എത്തുക. രണ്ടു ദിവസത്തിനകം അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും സൂചനയുണ്ട്. നിലവിൽ ഡോ. ശശി തരൂർ എം.പി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തയ്യാറായിരിക്കുന്നത്.

അതേസമയം ഗെലോട്ടിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ ധാരണയാകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാനിലെ പ്രതിസന്ധി രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞതും ഇതിന്റെ സൂചനയാണ്. രാജസ്ഥാനിൽ മൂന്ന് എം.എൽ.എമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചപ്പോഴും ഗെലോട്ടിനെ ഒഴിവാക്കിയിരുന്നു. ഡൽഹിയിലെത്തുന്ന ഗെലോട്ട് ഇന്ന് അദ്ധ്യക്ഷ സോണിയയെ കണ്ടേക്കും.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ് സിംഗ് നേരത്തെയും മത്സര സാദ്ധ്യതകൾ സൂചിപ്പിച്ചിരുന്നു. 30 വരെ കാത്തിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന ദിഗ് ‌വിജയ് സിംഗ് ഇന്നലെ രാത്രി ഡൽഹിയിലെത്തി.

 അനുയോജ്യനായ അദ്ധ്യക്ഷൻ വരുമെന്ന് ആന്റണി

അതിനിടെ മുതിർന്ന നേതാവ് എ.കെ. ആന്റണി ഇന്നലെ വൈകിട്ട് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പവൻകുമാർ ബെൻസലുമായും അദ്ദേഹം ചർച്ച നടത്തി. ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിയാണ് രാജസ്ഥാനിലെ മൂന്ന് എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതേസമയം കോൺഗ്രസിന് കാലഘട്ടത്തിന് അനുയോജ്യനായ അദ്ധ്യക്ഷനുണ്ടാകുമെന്ന് ആന്റണി പറഞ്ഞു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഡോ. ശശി തരൂർ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. അശോക് ഗെലോട്ടും സംസാരിച്ചിട്ടില്ല. സംഘടനാ കാര്യങ്ങളടക്കം സോണിയയുമായി ചർച്ച ചെയ്‌തെന്നും ആന്റണി പറഞ്ഞു.