മുഖം മിനുക്കി വിനോദസഞ്ചാര കേന്ദ്രങ്ങൾ : പച്ച പിടിച്ച് ഡെസ്റ്റിനേഷൻ ചലഞ്ച്

Thursday 29 September 2022 12:00 AM IST
കേച്ചേരി പുഴ സംരക്ഷണത്തിന്റെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന നക്ഷത്ര വനം

തൃശൂർ: ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് തുടങ്ങിയ ' ഡെസ്റ്റിനേഷൻ ചലഞ്ച് ' പദ്ധതി പച്ച പിടിക്കുന്നു. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശമായ കേച്ചേരിപ്പുഴയിൽ നക്ഷത്രവനമൊരുക്കി മനോഹരവും സുരക്ഷിതവുമാക്കുകയാണ് ചൂണ്ടൽ പഞ്ചായത്ത്.

പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്. പാറന്നൂർ ചിറ മുതൽ കൂമ്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനം. ഇതിൽ വരുന്ന 12 സെന്റ് സ്ഥലത്താണ് വ്യത്യസ്തങ്ങളായ വൃക്ഷത്തൈ നട്ട് നക്ഷത്ര വനമൊരുക്കുന്നത്. ചൂണ്ടൽ പഞ്ചായത്തും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കാർഷിക സർവകലാശാല കോളേജ് ഒഫ് ഫോറസ്ട്രിയും സംയുക്തമായാണ് പുനർജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 11 ലക്ഷമാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. അഞ്ച് ലക്ഷം രൂപ നക്ഷത്രവനം ഒരുക്കാനും ആറ് ലക്ഷം രൂപ കയർ ഭൂവസ്ത്രം ഒരുക്കാനുമാണ് വിനിയോഗിക്കുക. സ്ഥലത്ത് വെള്ളം കുറയുന്ന മുറയ്ക്ക് കയർ ഭൂവസ്ത്രം ഒരുക്കുന്ന പ്രവൃത്തി നടപ്പാക്കും. കേരള കാർഷിക സർവകലാശാല കോളേജ് ഒഫ് ഫോറസ്ട്രിയിലെ 29 എൻ.എസ്.എസ് വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് 'ഡെസ്റ്റിനേഷൻ ചലഞ്ച് ' പദ്ധതി നടപ്പാക്കുന്നത്. അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്താനായി തദ്ദേശസ്ഥാപന പ്രദേശങ്ങൾ കണ്ടെത്തി ഡി.പി.ആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കുന്നത്. വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് തുക കണ്ടെത്തുക. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി സർക്കാർ നേരത്തെ 50 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിത്തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം.

കൈയേറ്റം ഒഴിപ്പിക്കും

വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന് കൈയേറ്റങ്ങളും വ്യാപകമാണ്. കേച്ചേരി പുഴയുടെ ഇരുവശവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയുടെ കൈയേറ്റപ്രദേശം മൂന്ന് വർഷം മുമ്പേ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പുഴയുടെ മനോഹാരിത കൂട്ടി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ശലഭോദ്യാന നിർമ്മാണം, ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി നടപ്പാത നിർമ്മാണം, ജൈവ വേലി നിർമ്മാണം എന്നിവയാണ് കേച്ചേരി പുഴ സംരക്ഷണ പദ്ധതിയിലുള്ളത്.

കേച്ചേരിപ്പുഴയിൽ

  • 20 ഇനം മരങ്ങൾ: കാഞ്ഞിരം, നെല്ലി, അത്തി, ഇത്തി, അരയാൽ, ഞാവൽ, കരിങ്ങാലി, അമ്പഴം, കൂവളം, ഇലഞ്ഞി, നീർമരുത്, പലനിറത്തിലുള്ള മുളകൾ
  • ഔഷധസസ്യങ്ങൾ: ആടലോടകം, കുറുന്തോട്ടി
  • 1860 തൊഴിൽ ദിനങ്ങൾ
  • 60 തൊഴിലുറപ്പ് തൊഴിലാളികൾ.

Advertisement
Advertisement