ഇന്ത്യക്കാരുടെ വിസാ പ്രശ്നം പരിഹരിക്കും: യു.എസ്

Thursday 29 September 2022 12:10 AM IST

ന്യൂയോർക്ക്: ഇന്ത്യക്കാരുടെ വിസാ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി മാസങ്ങൾക്കുള്ളിൽ നടപ്പാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ബ്ലിങ്കന്റെ പരാമർശം. യു.എസ് വിസയ്ക്കായി ഇന്ത്യക്കാർ നേരിടുന്ന കാലതാമസമടക്കമുള്ള ബുദ്ധിമുട്ടുകൾ ജയശങ്കർ ചൂണ്ടിക്കാട്ടിയതോടെയാണ് ബ്ലിങ്കന്റെ പ്രതികരണം.

കൊവിഡ് പശ്ചാത്തലത്തിൽ വിസാ വിതരണം കുറഞ്ഞെന്നും ബ്ലിങ്കൻ വ്യക്തമാക്കി. യു.എസ് - ഇന്ത്യ ബന്ധം ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഒന്നാണെന്നും ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിനിടെ ബ്ലിങ്കൻ പറഞ്ഞു. അതേസമയം, യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയ ജയശങ്കറിന്റെ പത്ത് ദിവസത്തെ സന്ദർശനം ഇന്നലെ പൂർത്തിയായി. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, ദേശീയ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവൻ, മുതിർന്ന യു.എസ് കോൺഗ്രസ് അംഗങ്ങൾ എന്നിവരുമായും കഴിഞ്ഞ ദിവസങ്ങളിൽ ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisement
Advertisement