വൈ.എം.സി.എ 150ാം വാർഷികം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Thursday 29 September 2022 1:24 AM IST

തിരുവനന്തപുരം: വൈ.എം.സി.എയുടെ (യംഗ് മെൻസ് ക്രിസ്‌ത്യൻ അസോസിയേഷൻ ) 150ാം വാർഷികാഘോഷ പരിപാടികൾ വൈ.എം.സി.എ ഹാളിൽ ഒക്ടോബർ ഒന്നിന് ഉച്ചയ്‌ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1873ലാണ് തലസ്ഥാനത്ത് വൈ.എം.സി.എ സ്ഥാപിച്ചത്. കൊൽക്കത്തയ്‌ക്കു ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വൈ.എം.സി.എ ആണിത്.

സെനാന മിഷണറിയായിരുന്ന മിസ് മേരി ബോണാണ് സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിൽ. തദ്ദേശീയരെ അംഗങ്ങളാക്കിയായിരുന്നു പ്രവർത്തനം. മ്യൂസിയം ബെയ്ൻസ് കോമ്പൗണ്ടിൽ സ്റ്റുഡന്റ്‌സ് ഹോസ്റ്റലുമായി പ്രവർത്തനം ഊർജിതമാക്കിയ വൈ.എം.സി.എയ്‌ക്ക് 1917ൽ തിരുവിതാംകൂർ മഹാരാജാവ് സെക്രട്ടേറിയറ്റിന് സമീപം 78 സെന്റ് സ്ഥലം നൽകി. 1925ൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തിയാക്കി. സ്വാതന്ത്ര്യ സമരകാലത്ത് സ്വാതന്ത്ര്യ സമര സേനാനികൾ ഒത്തുചേരുന്നത് പതിവായതോടെ വൈ.എം.സി.എ പൂട്ടുമെന്ന് ദിവാൻ സർ സി.പി മുന്നറിയിപ്പ് നൽകിയിരുന്നു.

സ്വാതന്ത്ര്യദിന പുലരിയിൽ ദേശീയപതാക ഉയർത്തുന്നത് സർ സി.പി നിരോധിച്ചപ്പോൾ വൈ.എം.സി.എയിൽ പട്ടം താണുപിള്ള ദേശീയ പതാക ഉയർത്തി. നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ആദ്യ ഹോസ്റ്റൽ 1963ൽ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് ഉദ്ഘാടനം ചെയ്‌തത്. തിരുവനന്തപുരത്തെ ആദ്യത്തെ ടേബിൾ ടെന്നിസ് കോച്ചിംഗ് സെന്റർ ആരംഭിച്ചതും ഇവിടെയാണ്. വൈ.എം.സി.എയിലാണ് ഒളിമ്പ്യൻ അംബിക, രാധിക, ബോണാ തോമസ് ജോൺ എന്നിവർ പരിശീലിച്ചത്. നഗരത്തിലെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചതും വൈ.എം.സി.എയിലാണ്. ഇപ്പോഴും ഡിസംബറിലെ ആദ്യ ഞായറാഴ്ച ഇവിടെ കരോൾ നടക്കുന്നുണ്ട്. 150ാം വാർഷികത്തിന്റെ ഭാഗമായി വേറ്റിനാട് യൂത്ത് സെന്ററിൽ ഗാലറിയോട് കൂടിയ സെവൻസ് ഫുട്‌ബാൾ ടർഫും ഒരുങ്ങുന്നുണ്ട്.

Advertisement
Advertisement