ഹർത്താൽ അക്രമം: രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Thursday 29 September 2022 2:04 AM IST

വടക്കാഞ്ചേരി/ പാവറട്ടി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എളവള്ളി താമരപ്പിള്ളി കൈരളി റോഡിൽ കള്ളുവണ്ടി തടഞ്ഞ് നിറുത്തി അക്രമിച്ച സംഭവത്തിൽ കാക്കശ്ശേരി നാലകത്ത് വീട്ടിൽ ഷറഫുദീനെയും (37) വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം കരുതക്കാട് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വടക്കാഞ്ചേരി അങ്ങാടിപ്പറമ്പിൽ ആഷിക്കിനെയുമാണ് (28) അറസ്റ്റ് ചെയ്തത്. ഇന്നലെ പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കള്ള് വണ്ടി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ ഷറഫുദ്ദീനെ കുന്നംകുളം മത്സ്യമാർക്കറ്റ് പരിസരത്ത് നിന്ന് അതിസാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത്. പുന്ന നൗഷാദ്, ബൈജു വധക്കേസുകളിലെ പ്രതി കൂടിയാണ് ഷറഫുദ്ദീൻ. സബ് ഇൻസ്‌പെക്ടർമാരായ രതീഷ്, എം.ജെ. ജോഷി, എ.എസ്.ഐമാരായ തുളസീദാസ്, സുധീഷ്, സി.പി.ഒമാരായ സുമേഷ്, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ബസിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ കണ്ടതിനെ തുടർന്നാണ് വടക്കാഞ്ചേരി പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.

നേതാക്കന്മാരുടെ വീട്ടിൽ പരിശോധന

മാള: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ മാള പൊലീസ് പരിശോധന. നാല് നേതാക്കന്മാരുടെ വീടുകളിലായിരുന്നു രണ്ട് ദിവസമായി പരിശോധന നടന്നത്. മാള പള്ളിപ്പുറം സ്വദേശി കൊല്ലംപറമ്പിൽ അബ്ദുൽ ജലീൽ(55), മാള സ്വദേശി ഏർവാടി വീട്ടിൽ മുഹമ്മദ് റിയാസ് (44), കനകക്കുന്ന് സ്വദേശി ഞാറക്കാട്ടിൽ വീട്ടിൽ മുഹമ്മദ് നസീഫ് (26), മാള പള്ളിപ്പുറം സ്വദേശി എടക്കുടം വീട്ടിൽ റാഫി (50) എന്നിവരുടെ വീടുകളിലാണ് മാള എസ്.എച്ച്.ഒ വി.സജിൻ ശശിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

Advertisement
Advertisement