മൈതാനത്ത് മാലിന്യം നിറഞ്ഞാൽ കത്തിച്ചുകളയും !

Thursday 29 September 2022 1:38 AM IST
ആശ്രാമം മൈതാനത്ത് പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു

കൊല്ലം: അതീവ പരിസ്ഥിതി പ്രാധാന്യമാർന്ന ആശ്രാമം മൈതാനം മാലിന്യക്കൂമ്പാരമാകുന്നു. മൈതാനത്തിലെ പൊതുപരിപാടികളിൽ നിന്ന് തളളുന്ന മാലിന്യം അവിടെ തന്നെ കുഴിച്ചുമൂടുന്നതും കത്തിച്ചു കളയുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചിട്ടും നടപടിയെടുക്കേണ്ടവർക്ക് ഒരു കുലുക്കവുമില്ല. അടുത്ത ദിവസങ്ങളിൽ നടന്ന എല്ലാ പരിപാടികൾക്ക് ശേഷവും നിരോധിത പ്ളാസ്റ്റിക് അടക്കം വൻ തോതിൽ മാലിന്യം മൈതാനത്ത് തളളിയിരുന്നു. ദിവസങ്ങളോളം കിടന്ന് ചീഞ്ഞു നാറുമ്പോഴാണ് ഒരു വഴിപാട് പോലെ ഇവ നീക്കം ചെയ്യുന്നത്. ജെ.സി.ബി ഉപയോഗിച്ച് മൈതാനത്ത് വലിയ കുഴികളെടുത്ത് അവിടെ തന്നെ മറവ് ചെയ്യുകയാണ് പതിവ്. കൂടുതലും പ്ളാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയിലാക്കുന്നത്. അല്ലാത്തവ കൂട്ടിയിട്ട് കത്തിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം സംസാരിക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കർശന നടപടിയെടുക്കുകയും ചെയ്യേണ്ട നഗരസഭ ഈ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കുന്നത് വേലി തന്നെ വിളവുതിന്നുന്നതിന് തുല്യമാണ്. ആയിരങ്ങൾ പങ്കെടുത്ത കൊല്ലം പൂരം കഴിഞ്ഞപ്പോൾ ലോഡ് കണക്കിന് മാലിന്യമാണ് മൈതാനത്ത് അവശേഷിച്ചത്. ദിവസങ്ങളോളം കൂടിക്കിടന്ന മാലിന്യം പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെതുടർന്നാണ് നീക്കം ചെയ്തത്. ഓണക്കാലത്ത് ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ സംഘടിപ്പിച്ച മേളകൾ അവശേഷിപ്പിച്ച മാലിന്യവും അവിടെ തന്നെ കുഴച്ചിടുകയും കത്തിച്ചു കളയുകയുമായിരുന്നു. കഴിഞ്ഞ ദിവസം കാറ്ററേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം ഉപേക്ഷിച്ചു പോയ വൻ തോതിലുള്ള മാലിന്യവും കഴിഞ്ഞ ദിവസം കത്തിച്ചുകളയുകയായിരുന്നു.

.................................................

 ആശ്രാമത്ത് നടക്കുന്നത് ഹരിതചട്ടങ്ങളുടെ ലംഘനം

 കോർപ്പറേഷനും ശുചിത്വമിഷനും ഹരിത കേരള മിഷനും മലിനീകരണ നിയന്ത്രണ ബോർഡും കണ്ണടക്കുന്നു

 പ്ളാസ്റ്റിക് മാലിന്യം പൊതു സ്ഥലത്ത് കത്തിക്കരുതെന്നും

കുഴിച്ചു മൂടരുതെന്നുമുളള നിയമങ്ങളുടെ പച്ചയായ ലംഘനം

 മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുളള സംവിധാനം ഉപയോഗിക്കുന്നില്ല

Advertisement
Advertisement