അതിശക്തമായി ഇയാൻ, ആശങ്കയിൽ ഫ്ലോറിഡ

Thursday 29 September 2022 6:15 AM IST

മയാമി : യു.എസിലെ ഫ്ലോറിഡ തീരത്തേക്ക് വീശിയടിക്കാൻ ഒരുങ്ങി കാറ്റഗറി 4ൽപ്പെട്ട അതിശക്ത കൊടുങ്കാറ്റായ ' ഇയാൻ ". റ്റാംബാ ബേയിൽ നിന്ന് ഫ്ലോറിഡയുടെ തെക്ക് പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുകയാണ് മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയുള്ള ഇയാൻ. തെക്കൻ ഫ്ലോറിഡയിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ പെയ്യുന്നുണ്ട്. ആയിരത്തിലേറെപ്പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.

ഫ്ലോറിഡയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയോടെ ഫ്ലോറിഡ തീരം തൊടുന്ന ഇയാൻ നേപ്പിൾസ് മുതൽ സരസോട്ട വരെയുള്ള മേഖലകളിൽ ഏറ്റവും കൂടുതൽ നാശം വിതയ്ക്കുമെന്ന് കരുതുന്നു. ഫ്ലോറിഡ തീരത്ത് 12 അടിയോളം ഉയരത്തിലെ തിരമാലകൾക്കും സാദ്ധ്യതയുണ്ട്.

ഇയാൻ കഴിഞ്ഞ ദിവസം ക്യൂബയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് ആയിരക്കണക്കിന് ജനങ്ങളെ ഇരുട്ടിലാക്കി. പടിഞ്ഞാൻ ക്യൂബയിലെ ഏതാനും പ്രദേശങ്ങൾ ഏറെക്കുറേ ഒ​റ്റപ്പെട്ടിരുന്നു.