യു.എസ് പർവതാരോഹക നേപ്പാളിലെ കൊടുമുടിയിൽ മരിച്ചനിലയിൽ

Thursday 29 September 2022 6:15 AM IST

കാഠ്മണ്ഡു : യു.എസിലെ അറിയപ്പെടുന്ന പർവതാരോഹകയായ ഹിലരീ നെൽസണെ ( 49 ) നേപ്പാളിലെ ഹിമാലയൻനിരകളിലെ മനാസ്‌ലു കൊടുമുടിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മുതൽ ഹിലരീയെ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിം മോറിസണിന്റെ പരാതിയെ തുടർന്ന് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മനാസ്‌ലു കൊടുമുടിയുടെ മുകൾ ഭാഗത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ വലിയ കൊടുമുടിയായ മനാസ്‌ലുവിന്റെ മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് ഹിലരീയെ കാണാതായത്. 26,781 അടിയാണ് മനാസ്‌ലുവിന്റെ ഉയരം. കൊടുമുടിയിലെ ഒരു ഹിമാനിയിലെ വിള്ളലിൽ ഹിലരീ വീണെന്നാണ് റിപ്പോർട്ട്. 2018ൽ ഉയരത്തിൽ ലോകത്ത് നാലാം സ്ഥാനത്തുള്ള നേപ്പാളിലെ ലോത്‌സെ കൊടുമുടിയിൽ നിന്ന് ഹിലരീയും ജിം മോറിസണും താഴേക്ക് സ്കീ ചെയ്തിറങ്ങിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തികളാണിരുവരും. 24 മണിക്കൂറിനിടെ എവറസ്റ്റും ലോത്‌സെയും കീഴക്കിയ ആദ്യ വനിതയാണ് ഹിലരീ. മനാസ്‌ലു കൊടുമുടിയിൽ നിന്ന് താഴേക്ക് സ്കീയിംഗിനിടെയാണ് ഹിലരീ അപകടത്തിൽപ്പെട്ടത്. ഹിലരീയെ കാണാതായ ദിവസം മനാസ്‌ലു കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ ഒരാൾ മരിക്കുകയും ഒരു ഡസനിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും ഉയരമേറിയ 14 കൊടുമുടികളിൽ 8 എണ്ണവും നേപ്പാളിലാണ്.

Advertisement
Advertisement