യുക്രെയിനിലെ നാല് പ്രദേശങ്ങൾ റഷ്യയിലേക്ക്; പുട്ടിന്റെ പ്രഖ്യാപനം ഉടൻ

Thursday 29 September 2022 6:16 AM IST

കീവ്: റഷ്യൻ ഫെഡറേഷനോട് ചേർക്കാനായി യുക്രെയിനിലെ ഡൊണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകളിൽ നടത്തിയ ഹിതപരിശോധന വിജയിച്ചെന്ന് റഷ്യൻ അനുകൂല വിമതർ. ഈ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമായെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നാളെ പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോൾ പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

മോസ്കോയിലെ റെഡ് സ്ക്വയറിൽ 'ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ" എന്നിങ്ങനെയെഴുതിയ കൂറ്റൻ സ്ക്രീനുകളോടെയുള്ള വേദി ഒരുങ്ങിക്കഴിഞ്ഞു. ഈ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തെന്ന പുട്ടിന്റെ പ്രഖ്യാപനം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നാണ് ഇതിന്റെ അർത്ഥം.

ഇക്കഴിഞ്ഞ 23നാരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണ് പൂർത്തിയായത്. ഈ നാല് മേഖലയും മാസങ്ങളായി റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണ്. ഇതോടെ യുക്രെയിന്റെ 15 ശതമാനം ഭാഗം റഷ്യയുടെ കൈയിലാകും. പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഈ മേഖലകളിൽ യുക്രെയിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലെ പ്രകോപനമുണ്ടായാൽ ആണവായുധമെടുക്കാനും മടിയില്ലെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

സെപൊറീഷ്യയിൽ 93.11 ശതമാനം ജനങ്ങൾ ഹിതപരിശോധനയിൽ റഷ്യയോട് ചേരുന്നതിനെ അനുകൂലിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ അവകാശം. ഖേഴ്സണിൽ 87.05 ശതമാനം, ലുഹാൻസ്കിൽ 98.42 ശതമാനം, ഡൊണെസ്കിൽ 99.23 ശതമാനം വീതം ജനങ്ങൾ റഷ്യയോടൊപ്പം കൂട്ടിച്ചേർക്കാൻ അനുകൂലമായി വോട്ട് ചെയ്തെന്നും ഇവർ പറയുന്നു. പ്രദേശങ്ങൾ റഷ്യയോട് ചേർക്കണമെന്ന് ഇവിടുത്തെ വിമത നേതാക്കൾ പുട്ടിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇവർ റഷ്യയിലെത്തി നേരിട്ട് പുട്ടിനെ കാണും. 2014ൽ ക്രൈമിയയെ യുക്രെയിനിൽ നിന്ന് റഷ്യ പിടിച്ചെടുത്തതും ഇതുപോലെയായിരുന്നു.

അതേസമയം, ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ആരോപിച്ചു. റഷ്യയ്ക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി.

Advertisement
Advertisement