പോത്തിൻകുട്ടികൾക്ക് ഗുണനിലവാരമില്ല, പ്രതിസന്ധിയിൽ കർഷകർ.

Friday 30 September 2022 12:49 AM IST

കോട്ടയം . ഗുണനിലവാരമില്ലാത്ത പോത്തിൻകുട്ടികളും, കാലിത്തീറ്റ വിലവർദ്ധനയും പോത്ത് കർഷകരെ ദുരിതത്തിലാക്കുന്നു. ഹരിയാനയിൽനിന്ന് എത്തിക്കുന്ന മുറ ഇനത്തിൽപ്പെട്ട പോത്തിൻകുട്ടികളെയാണ് വളർത്താൻ കർഷകർ ഉപയോഗിക്കുന്നത്. ഇപ്പോൾ ഹരിയാനയിൽനിന്നുള്ള പോത്തുകൾ എത്തുന്നില്ല. കൊവിഡ് കാലത്ത് പോത്തുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പോത്തിൻകുട്ടികളുടെ ഡിമാൻഡ് വർദ്ധിച്ചു. ഹരിയാനയിൽ നിന്നുള്ളതാണെന്ന വ്യാജേന ആന്ധ്രയിൽ നിന്നും മറ്റും പാലക്കാട് എത്തിച്ച് നൽകുന്ന പോത്തിൻകുട്ടികളെയാണ് ഇടനിലക്കാർ മുഖേന കർഷകന് ലഭിക്കുന്നത്. ഇതിന് വളർച്ച കുറവാണ്. തീറ്റ കൊടുക്കുന്നതിന് അനുസരിച്ച് മാംസം ഉണ്ടാകാറില്ല. 20,000 രൂപയും നൽകണം. മുൻപ് 5000 മുതൽ 6000 രൂപ നൽകിയിരുന്നെങ്കിൽ നല്ലയിനം പോത്തിൻകുട്ടികളെ ലഭിക്കുമായിരുന്നു. പോത്തിനെ കൊടുക്കുമ്പോൾ ഇറച്ചിവില മാത്രമാണ് ലഭിക്കുന്നത്. പോത്തിനെ കണ്ട് വില നൽകുകയാണ് ചെയ്യുന്നത്. ഇതോടെ കർഷകന് കൂടിവന്നാൽ 28000 രൂപ ലഭിക്കും. പെരുന്നാൾ സമയങ്ങളിൽ മാത്രമാണ് കർഷകന് ഗുണം. പോത്തിൻകുട്ടികളെ വളർത്തി വിൽക്കണമെങ്കിൽ കർഷകൻ ഒന്നര വർഷത്തെ പരിപാലനം നടത്തേണ്ടതുണ്ട്. ഈ കാലയളവിൽ പോത്തിന്റെ കാലിത്തീറ്റയ്ക്ക് മാത്രം ഒരുമാസം 1000 രൂപ ചെലവാകും.

താങ്ങാനാകില്ല കാലിത്തീറ്റ വില.

പുളിയരി, പരുത്തിപിണ്ണാക്ക്, ഗോതമ്പുപൊടി അടക്കം കാലിത്തീറ്റയുടെ വില വർദ്ധിച്ചതാണ് മറ്റൊരു പ്രതിസന്ധി. മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പുളിയരിക്ക് ഇന്ന് 32 രൂപയാണ്. പരുത്തിപ്പിണ്ണാക്കിന് 4 വർഷം മുൻപ് 23 രൂപ ഉണ്ടായിരുന്നത് 42 രൂപയായി വർദ്ധിച്ചു. ഗോതമ്പ് ഉമ്മിയ്ക്ക് 26 രൂപയുമാണ് വില.

കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

സർക്കാർ, മൃഗസംരക്ഷണ വകുപ്പുകൾ വഴി ഗുണനിലവാരമുള്ള പോത്തിൻകുട്ടികളെ ഇറക്കുമതി ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന പോത്തുകളെ സർക്കാരിന്റെ തന്നെ സ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യവഴി സംഭരിച്ച് വിപണനം ചെയ്യണം.

Advertisement
Advertisement