പോപ്പുലർ ഫ്രണ്ട് നിരോധനം: അനാവശ്യ തിടുക്കം വേണ്ട,​ നടപടികൾ നിയമപ്രകാരം മാത്രമേ ആകാവൂ,​ വേട്ടയാടൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

Thursday 29 September 2022 6:28 PM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധിക്കാനുള്ള നടപടികൾ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അനാവശ്യ തിടുക്കവും വീഴ്ചയും പാടില്ലെന്നും നടപടിയുടെ പേരിൽ വേട്ടയാടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംഘടനയിൽ പ്രവ‌ർത്തിച്ചവരെ നിരന്തരമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു,​ പി.എഫ്.ഐ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സർക്കാർ തുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സീൽ ചെയ്യുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു. സർക്കാർ നടപടികൾ വൈകുന്നതിനെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും വിമർശിച്ചിരുന്നു.

Advertisement
Advertisement