സ്ത്രീധനപീഡന മരണം, ഭർത്താവിനും ഭർത്തൃസഹോദരിക്കും 7 വർഷം കഠിന തടവും പിഴയും

Friday 30 September 2022 1:03 AM IST

നെയ്യാറ്റിൻകര: വിവാഹം കഴിഞ്ഞ് 22-ാം നാൾ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർത്തൃസഹോദരിക്കും 7 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കവിതാഗംഗാധരന്റേതാണ് ശിക്ഷ. വിധി 18 വർഷങ്ങൾക്ക് ശേഷം. ഊരൂട്ടമ്പലം കോരണംകോട് സുജാ സദനത്തിൽ അപ്പുകുട്ടന്റെ മകൾ സുജാദേവി (26) മരിച്ച കേസിലാണ് മലയിൻകീഴ് മറുകിൽ ആർ.സി പള്ളിക്കു സമീപം അമ്പിളി വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന സുനിൽകുമാർ (54), സഹോദരി സുരേഖ (66) എന്നിവരെ ശിക്ഷിച്ചത്. 2004 ജനുവരി 17നായിരുന്നു സംഭവം. സുജാദേവിക്ക് വിവാഹ സമയത്ത് 30പവന്റെ സ്വർണ്ണാഭരണവും ഇരുവരുടെയും പേർക്ക് 15സെന്റ് വസ്തുവും നൽകിയിരുന്നു. എന്നാൽ ഗൾഫിൽ ജോലിചെയ്തിരുന്ന സുനിൽകുമാറിന് കൂടുതൽ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് ആദ്യനാളുകളിൽ തന്നെ സുജാദേവിയെ ഇരുപ്രതികളും ചേർന്ന് ദേഹോപദ്രവം നടത്തിയിരുന്നു. സുരേഖ തന്റെ മകളുടെ ആവശ്യത്തിന് സുജാദേവിയുടെ സ്വർണ്ണാഭരണങ്ങൾ ചോദിച്ച് ഉപദ്രവിച്ചിരുന്നതായും, പീഡനം സഹിക്കാൻ കഴിയാതെ ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ചെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ ഹാജരായി.

Advertisement
Advertisement