പ്ളസ് വൺകാരനെ 'സാങ്കല്പിക ബൈക്ക് ഓടിപ്പിച്ചു സീനിയേഴ്സ്: റാഗിംഗ് കേസിന് കോടതിയുടെ അനുമതി തേടി പൊലീസ്
കാസർകോട്: കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഒരു സംഘം പ്ളസ് ടു വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ ദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിറകെ കേസെടുക്കാൻ അനുമതി തേടി കുമ്പള പൊലീസ് ജുവനൈൽ കോടതിയുടെ അനുമതി തേടി. അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ മൂന്നുദിവസം മുമ്പാണ് സീനിയേഴ്സ് റാഗിംഗിന് വിധേയനാക്കിയത്.
സോഷ്യൽ മീഡിയയിൽ ദൃശ്യം വലിയതോതിൽ പ്രചരിച്ചതിന് പിറകെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ക്ളാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ തടഞ്ഞുവച്ച് റാഗ് ചെയ്‌തത്.സാങ്കല്പികമായി ബൈക്ക് ഓടിക്കാൻ പ്ളസ് ടുകാരനെ നിർബന്ധിക്കുകയായിരുന്നു ഒരു സംഘം കുട്ടികൾ. നാലു പേരാണ് റാഗിംഗ് നടത്തിയതെന്നാണ് വിവരം.
പരാതിക്കാരനും പ്രതി സ്ഥാനത്തുള്ള വിദ്യാർത്ഥികളും പ്രായപൂർത്തി ആകാത്തവരാണ്. അതിനാൽ കേസെടുക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ രക്ഷിതാക്കളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. -വി. കെ അനീഷ് (എസ്. ഐ കുമ്പള )
വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി. റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്. കണ്ണൂർ ആർ.ഡി.ഡിക്കാണ് നിർദേശം നൽകിയത്.