വിഭാഗീയത വച്ചുപൊറുപ്പിക്കില്ല, അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല, മുന്നറിയിപ്പുമായി കാനം, കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് കെ ഇ ഇസ്മായിലും സി ദിവാകരനും
തിരുവനന്തപുരം : പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സി.പി,ഐയിലില്ല. അത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും കാനം പാർട്ടി മുഖമാസികയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗിയത രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ മുന്നറിയിപ്പ്.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ പാർട്ടി വിട്ടുവീഴ്‌ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങൾ മുന്നണിയിൽ കൃത്യമായി പറയും. ചിലപ്പോൾ പരസ്യപ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സി.പി.ഐയ്ക്കില്ല. എപ്പോഴും മാദ്ധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനുമാവില്ല. പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്ന മാദ്ധ്യമ പ്രചാരവേല തെറ്റാണെന്നും കാനം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം നെയ്യാറ്റിൻകരയിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങ് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മായിലും സി. ദിവാകരനും ബഹിഷ്‌കരിച്ചു.കൊടിമരം ജാഥാ ക്യാപ്ടന് കൈമാറേണ്ടത് കെ.ഇ. ഇസ്മായിലായിരുന്നു. ഇസ്മായിലീന്റെ അഭാവത്തിൽ മന്ത്രി ജി.ആർ. അനിലാണ് കൊടിമരം കൈമാറിയത്.