നഗരം ചുവന്നു, സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം

Friday 30 September 2022 2:08 AM IST

തിരുവനന്തപുരം: 27 വർഷങ്ങൾക്കുശേഷം സി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വമരുളുന്ന തലസ്ഥാന നഗരി​യി​ലെ പ്രധാനവീഥികളെങ്ങും ചുവന്നു. റോഡിന് ഇരുവശത്തും വ്യത്യസ്‌തങ്ങളായ കട്ടൗട്ടുകളും ബോർഡുകളും കമാനങ്ങളും സ്‌തൂപങ്ങളും നിറഞ്ഞുകഴിഞ്ഞു.

കാറൽ മാർക്‌സ്, ലെനിൻ, ഫെഡറിക് ഏംഗൽസ്, ചെഗുവേര എന്നിവരുടെ ചിത്രങ്ങളാണ് പ്രധാനമായും സ്‌തൂപങ്ങളിലുള്ളത്. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരായ പി. കൃഷ്ണപിള്ള, എം.എൻ. ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ,ടി.വി. തോമസ് തുടങ്ങി അന്തരിച്ച സി.പി.ഐ നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾ ബോർഡുകളും സ്‌തൂപങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. 40ഓളം സ്ഥലങ്ങളിലാണ് സ്‌തൂപങ്ങളുള്ളത്. വിവിധയിടങ്ങളിലായി 24 കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

പൂർണമായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് അലങ്കാരം. പതിനായിരക്കണക്കിന് ചെങ്കൊടികളും വീഥിക്കിരുവശവും നിറഞ്ഞു. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിനായി സ്വാഗതസംഘത്തിന് കീഴിൽ റിസപ്‌ഷൻ, വോളന്റിയർ, ഫുഡ്, പബ്ലിസിറ്റി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, അക്കോമഡേഷൻ, കലാ സാംസ്കാരികം,സെമിനാർ, എക്‌സിബിഷൻ, മെഡിക്കൽ എന്നീ കമ്മിറ്റികളാണുള്ളത്. ജില്ലാ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 563 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ടാഗോർ തിയേറ്ററിന് സമീപത്തായി പ്രത്യേക പന്തൽ തയ്യാറാക്കിയാണ് പ്രതിനിധികൾക്ക് ഭക്ഷണം വിളമ്പുന്നത്. സമ്മേളന നഗരിയിൽ പുസ്‌തകോത്സവവും ചരിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ജി.ആർ. അനിലും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണനും പറഞ്ഞു.

Advertisement
Advertisement