നഗരകവാടത്തി​ൽ നി​റയെ പൂക്കൾ, സെൽഫി​ത്തി​രക്ക്

Friday 30 September 2022 1:32 AM IST
നഗരകവാടത്തി​ൽ നി​റയെ പൂക്കൾ, സെൽഫി​ത്തി​രക്ക്

# കാഴ്ചയൊരുക്കി​ കളർകോട്ടെ ബന്ദി​പ്പൂന്തോട്ടം

മഞ്ഞയും ഓറഞ്ചും ഇടകലർന്ന് തിങ്ങി നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം യാത്രക്കാർക്കും യുവാക്കൾക്കും സെൽഫി പോയിന്റ് കൂടിയാണ്. ദി​വസവും നി​രവധി​ പേരാണ് ഇവിടെ ഇറങ്ങി ഫോട്ടോയും വീഡിയോയും പകർത്തുന്നത്. ഓണക്കാലത്ത് പൂക്കൾ വില്പനയ്ക്കായി​ ഇറുത്തെങ്കി​ലും തോട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ പൂർണമായും എടുത്തി​ല്ല. ഒന്നരമാസത്തിലേറെയായി വിരിഞ്ഞ് നിൽക്കുന്ന ബന്ദിത്തോട്ടം പരമാവധി മൂന്ന് ആഴ്ച കൂടി ഇതേ ഭംഗിയിൽ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂക്കൾ കൊഴിയുന്നതോടെ പുതിയ ചെടികൾ നടും. ഇനി​ ബന്ദി​ ചെടി​കൾ ആവണമെന്നില്ല. കാഴ്ചയിൽ ആകർഷണീയമായത് എന്തുമാകാം. നഗരസഭയി​ലെ ശുചീകരണ തൊഴിലാളികൾക്കും പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുമാണ് പരിചരണ ചുമതല. കളർകോട് ബൈപ്പാസ് ഡിവൈഡർ കൂടാതെ നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകൾ, 42 വിദ്യാലയങ്ങൾ, വിവിധ വാർഡുകൾ, കൊമ്മാടി ഭാഗത്ത് ബൈപ്പാസ് ഓരം, ബീച്ചിന് സമീപം എന്നിവിടങ്ങളിലും നഗരസഭയുടെ പൂന്തോട്ടങ്ങൾ വി​ടർന്നങ്ങനെ നി​ൽക്കുകയാണ്.

പ്രതീക്ഷിച്ചതിലും വലിയ കാഴ്ചവിരുന്നാണ് ബന്ദിത്തോട്ടം സമ്മാനിക്കുന്നത്. ധാരാളം പേരാണ് ഇവിടെ ഫോട്ടോ എടുക്കാൻ മാത്രമായി എത്തുന്നത്. ബന്ദിയുടെ സീസൺ അവസാനിക്കുന്നതോടെ അടുത്ത കൃഷി ആരംഭിക്കും. നഗരകവാടം ആയതിനാൽ സ്വാഗതം ആശംസിക്കുന്ന തരത്തിൽ ആകർഷണീയമായവ നടും

പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ

Advertisement
Advertisement