അവിവാഹിതർക്കും ഗർഭഛിദ്രം നടത്താം, ചരിത്ര വിധിയുമായി സുപ്രീം കോടതി

Friday 30 September 2022 1:43 AM IST

ന്യൂഡൽഹി:അര നൂറ്റാണ്ടായി നിലനിന്ന ഗർഭഛിദ്ര നിയമത്തിലെ വിലക്ക് പൊളിച്ചടുക്കി, അവിവാഹിതരായ സ്ത്രീകൾക്കും 24 ആഴ്ച വരെയുള്ള ഗർഭം നിയമപരമായി അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്ര വിധി.

1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമവും 2003ലെ അതിന്റെ ചട്ടങ്ങളും പ്രകാരം അവിവാഹിതരായ സ്‌ത്രീകൾക്ക് 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി ഇല്ലായിരുന്നു. വിവാഹിതരായ സ്‌ത്രീകൾക്ക് മാത്രമായിരുന്നു ഇതിന് അനുമതി.

പ്രത്യുത്പാദനത്തിനുള്ള സ്വയം നിർണയാവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം വിവാഹിതരായ സ്ത്രീകളെ പോലെ അവിവാഹിതരായ സ്ത്രീകൾക്കും ഒരു കുഞ്ഞ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവകാശമുണ്ട്. വിവാഹിതരായ സ്‌ത്രീകൾക്ക് 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനുള്ള അനുമതി അവിവാഹിതരായ സ്‌ത്രീകൾക്ക് നിഷേധിക്കുന്നത് ഭരണഘടനയുടെ 14ാം വകുപ്പ് പ്രകാരം തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ നിഷേധമാണെന്നും ജസ്റ്റിസ്‌മാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ,ജെ.ബി പർദ്ദിവാല എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗർഭഛിദ്ര കേസുകളിൽ ഭർത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. ഭർത്തൃബലാത്സംഗത്തിൽ ഗർഭം ധരിക്കുന്ന സ്ത്രീകൾക്കും സമ്മതത്തോടെയുള്ള ബന്ധത്തിൽ ഗർഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും അന്താരാഷ്‌ട്ര

ഗർഭഛിദ്ര ദിനത്തിൽ പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. ഗർഭഛിദ്രം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക കാഴ്ചപ്പാടാണ്.

ബലാത്സംഗത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം അനുവദിക്കാമെന്ന് എം.ടി.പി ( മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ) നിയമത്തിലെ സെക്‌ഷൻ 3(2)(ബി) വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭഛിദ്രം അനുവദിക്കുമ്പോൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല.

കേസിന്റെ പശ്ചാത്തലം

ഗർഭിണിയായ അവിവാഹിത ഗർഭഛിദ്രത്തിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പരസ്പര സമ്മതത്തോടെയുള്ള ഗർഭധാരണമാണെന്നും പങ്കാളി വിവാഹത്തിന് തയ്യാറല്ലെന്നും കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നും യുവതി അറിയിച്ചു. എം. ടി. പി നിയമ പ്രകാരം യുവതിയുടെ ആവശ്യം തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയുടെ നിരീക്ഷണങ്ങൾ

ഗർഭഛിദ്രത്തിന് വിവാഹിതയെന്നും അവിവാഹിതയെന്നുമുള്ള കൃത്രിമ വേർതിരിവ് ഭരണഘടനാ വിരുദ്ധമാണ്.

സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിലൂടെ രാജ്യത്ത് ദിവസം എട്ട് സ്ത്രീകൾ മരിക്കുന്നു

2007 -2011കാലയളവിൽ നടന്ന 67% ഗർഭഛിദ്രവും സുരക്ഷിതമായിരുന്നില്ല

വിവാഹിതയ്‌ക്കും അവിവാഹിതയ്ക്കും ഗർഭധാരണത്തിന്റെ ശാരീരിക,​ മാനസിക ആഘാതങ്ങൾ തുല്യമാണ്

ഗർഭകാലത്ത് തൊഴിൽ നഷ്ടപ്പെടാം,​ ഉപേക്ഷിക്കപ്പെടാം,​ ഗാർഹിക പീഡനത്തിന് ഇരയാകാം

ഭ്രൂണത്തിന്റെ വൈകല്യം ജീവന് ഭീഷണിയാകാം

ഗർഭനിരോധന ഉപാധികളുടെ തകരാറ് മൂലമുള്ള ഗർഭം മാനസികാഘാതമുണ്ടാക്കും

അവിവാഹിത സ്ത്രീകളുടെ സുരക്ഷയ്ക്കാണ് 2021ലെ ഗർഭഛിദ്ര നിയമ ഭേദഗതിയിൽ പങ്കാളി എന്ന പദം ഉൾപ്പെടുത്തിയത്

Advertisement
Advertisement