യുക്രെയിൻ സംഘർഷത്തിന് കാരണം സോവിയറ്റ് യൂണിയന്റെ തകർച്ച : പുട്ടിൻ

Friday 30 September 2022 5:31 AM IST

മോസ്കോ : സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ഫലമാണ് യുക്രെയിൻ ഉൾപ്പെടെയുള്ള മുൻ സോവിയറ്റ് രാജ്യങ്ങളിൽ അരങ്ങേറുന്ന സംഘർഷങ്ങളെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ' റഷ്യയ്ക്കും യുക്രെയിനും ഇടയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നും മറ്റ് ചില സി.ഐ.സ് രാജ്യങ്ങളുടെ ( കോമൺവെൽത്ത് ഒഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് - മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളടങ്ങുന്ന സംഘടന ) അതിർത്തിയിൽ എന്താണ് നടക്കുന്നതെന്നും നോക്കിയൽ മതി.

തീർച്ചയായും ഇതെല്ലാം സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ഫലമായുണ്ടാകുന്നതാണ്." മുൻ സോവിയറ്റ് രാജ്യങ്ങളിലെ ഇന്റലിജൻസ് മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുട്ടിന്റെ പരാമർശം.

യുക്രെയിൻ അധിനിവേശം കൂടാതെ സോവിയറ്റ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലയിടങ്ങളിലും അടുത്തിടെയായി സംഘർഷങ്ങൾ മടങ്ങിയെത്തിയിട്ടുണ്ട്. കിർഗിസ്ഥാൻ - താജിക്കിസ്ഥാൻ, അർമേനിയ - അസർബൈജാൻ സംഘർഷങ്ങൾ ഇതിൽപ്പെടുന്നു. മേഖലയിൽ പുതിയ സംഘർഷങ്ങൾ ഉടലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ ചെയ്യുന്നതെന്ന് പുട്ടിൻ ആരോപിച്ചു.