തെറ്റായ ഭക്ഷണം കഴിച്ചാൽ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കും, നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി മോഹന്‍ ഭാഗവത്

Friday 30 September 2022 12:52 PM IST

നാഗ്പൂർ : മാംസാഹാരം കഴിക്കുന്നവരെ ഉപദേശിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിച്ചാൽ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അക്രമം നിറഞ്ഞ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ആർ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് നോൺ വെജ് ആഹാരങ്ങളെ കുറിച്ച് മോഹൻ ഭാഗവത് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും മാംസാഹാരം കഴിക്കുന്നവർ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മറ്റുഭാഗങ്ങളിലുള്ളവരെ പോലെ മാംസാഹാരം കഴിക്കുന്നവർ ഇന്ത്യയിലുണ്ടെങ്കിലും അവർ ചില നിയമങ്ങൾ പാലിക്കാറുണ്ട്. 'ഇവിടെ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾ ശ്രാവണ മാസം മുഴുവൻ ഇത് കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം അല്ലെങ്കിൽ ശനി ദിവസങ്ങളിൽ അവർ അത് കഴിക്കില്ല. അവർ ചില നിയമങ്ങൾ സ്വയം അടിച്ചേൽപ്പിക്കുന്നു,' ഭഗവത് പറഞ്ഞു. രാജ്യം നവരാത്രി ഉത്സവങ്ങളിലേക്ക് കടന്ന വേളയിലാണ് മോഹൻ ഭാഗവതിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. ഈ സമയത്ത് രാജ്യത്ത് നിരവധിയാളുകൾ നോൺവെജ് ഭക്ഷണം കഴിക്കുന്നത് നിർത്തുകയും, ഉപാവാസങ്ങളടക്കമുള്ള ആചാരങ്ങൾ പിന്തുടരുകയും ചെയ്യാറുണ്ട്.

ആദ്ധ്യാത്മികത ഇന്ത്യയുടെ ആത്മാവ്

'ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന് പ്രസംഗത്തിൽ മോഹൻ ഭാഗവത് എടുത്തു പറഞ്ഞു. ശ്രീലങ്കയെയും മാലിദ്വീപിനെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ ശ്രീലങ്കയെയും മാലിദ്വീപിനെയും ദുരിതത്തിലായപ്പോൾ സഹായിച്ചത് ഇന്ത്യ മാത്രമാണ്. കാരണം 'ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണ്,' അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ലാതെ ജീവിക്കുക എന്നതാണ് ഇന്ത്യ പിന്തുടരുന്നത്. ചൈന, അമേരിക്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ശ്രീലങ്കയിൽ ബിസിനസ് അവസരങ്ങൾ നോക്കി ശ്രദ്ധതിരിച്ചതെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

Advertisement
Advertisement