കണ്ടത് വിസ്‌മയം...കാണാനുള്ളത്....പൊന്നിയിൻ സെൽവൻ റിവ്യൂ

Friday 30 September 2022 4:33 PM IST

സാഹിത്യകാരൻ, പത്രപ്രവർത്തകൻ, കവി, നാടകകൃത്ത്, ആക്‌ടിവിസ്‌റ്റ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച രാമസ്വാമി കൃഷ്‌ണമൂർത്തി എന്ന കൽക്കി കൃഷ്‌ണമൂർത്തിയുടെ നോവൽ പൊന്നിയിൻ സെൽവന് ദൃശ്യാവിഷ്‌കാരം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സിനിമയുടെ മാസ്‌റ്റ്ർ ക്രാഫ്‌റ്റ്‌സ് മാൻ മണിരത്നമാണ് ചിത്രം സാക്ഷാത്കരിച്ചത്. ചോള- പാണ്ഡ്യ രാജവംശങ്ങളുടെ വംശവെറിയുടെ കഥ പറഞ്ഞ പൊന്നിയനെ, കൽക്കി സൃഷ്‌ടിച്ചത് 1950-54 കാലഘട്ടത്തിലാണ്. പത്താം നൂറ്റാണ്ടിനെ അവംലബിച്ചുകൊണ്ട് ചരിത്രത്തിനൊപ്പം തന്റെ ഭാവനാ സൃഷ്‌ടിയും കൽക്കി പൊന്നിയൻ സെൽവത്തിൽ നെയ്‌തു ചേർത്തു. വർഷങ്ങൾക്കിപ്പുറം ആ ക്ളാസിക്ക് നോവൽ സിനിമയാക്കിയപ്പോൾ അതേ സ്വാതന്ത്ര്യം മണിരത്നവും സ്വീകരിച്ചിരിക്കുകയാണ്.

ചിയാൻ വിക്രം, ഐശ്വര്യ റായി, കാർത്തി, തൃഷ, ജയം രവി, ശരത് കുമാർ, പ്രഭു, പ്രകാശ് രാജ്, ലാൽ, ജയറാം, പാർത്ഥിപൻ, നാസർ തുടങ്ങിയ അഭിനയ പ്രതിഭകളുടെ സംഗമമാണ് പൊന്നിയിൻ സെൽവൻ- 1. ചരിത്രം പശ്ചാത്തലമാകുന്ന കഥയായതുകൊണ്ടുതന്നെ അത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും വളരെ സൂക്ഷ്‌മതയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മണിരത്നം എന്ന അനുഭവ സമ്പന്നനായ സംവിധായകനെ കൊണ്ട് മാത്രം കഴിയുന്ന സൃഷ്‌ടിയായി പൊന്നിയിൻ സെൽവൻ മാറുന്നതും ഈ പ്രത്യേകതയാലാണ്. കഥാപാത്രങ്ങൾ അർഹിക്കുന്നവരുടെ കൈയിൽ തന്നെയാണ് അദ്ദേഹം ഏൽപ്പിച്ചത്.

തമിഴിൽ കമലഹാസന്റെയും മലയാളത്തിൽ മമ്മൂട്ടിയുടെയും വിവരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ചോള സാമ്രാട്ടായ സുന്ദര ചോളൻ (പ്രകാശ് രാജ്) ശാരീരിക അവശതകളാൽ ബുദ്ധിമുട്ടുകയാണ്. രാജ കുടുംബത്തിലെ മറ്റൊരു ശക്തി കേന്ദ്രമായ പെരിയ പഴുവെട്ടരായർക്കാണ് (ശരത് കുമാർ) സാമ്രാജ്യത്തിന്റെ സുരക്ഷാച്ചുമതല. കൊട്ടാരത്തിലെ ഓരോ നീക്കവും തന്നെ അറിയിക്കുന്നതിന് ചിന്ന പഴുവെട്ടരായരെ (പാർത്ഥിപൻ) ആണ് പെരിയോർ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇരുവരും അറിയാതെ തഞ്ചാവൂരിലെ ചോള സാമ്രാജ്യത്തിന്റെ ആസ്ഥാനത്ത് ഈച്ച പോലും പറക്കില്ല. എന്നാൽ ഇവരെയെല്ലാം നിയന്ത്രിക്കുന്ന ഒരാളുണ്ട്; പെരിയ പഴുവെട്ടരായരുടെ ഭാര്യയായ നന്ദിനി ദേവി. ഐശ്വര്യ റായിയാണ് നന്ദിനിയെ അവതരിപ്പിച്ചത്. രാജരക്തത്തിൽ പിറന്നവളല്ലാത്ത നന്ദിനി എങ്ങനെ രാജകൊട്ടാരം നിയന്ത്രിക്കുന്ന ശക്തിയായി തീർന്നു എന്നത് പൊന്നിയിൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യമാണ്.

നന്ദിനിയുടെ തന്ത്രങ്ങൾക്ക് ഒരളവോളമെങ്കിലും മറുമരുന്നുള്ളത് സുന്ദര ചോളന്റെ ഇളയ മകളും രാജകുമാരിയുമായ കുന്ദവിയുടെ കൈയിൽ മാത്രം. തൃഷയാണ് കുന്ദവിയായി എത്തുന്നത്. വിക്രത്തിന്റെ അഭിനയ സാദ്ധ്യതകൾ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദിത്യ കരികാലൻ എന്ന യുവരാജാവിനെ മണിരത്നം അദ്ദേഹത്തിന് നൽകിയത്. സുന്ദര ചോളന്റെ ആദ്യ പുത്രനാണ് ആദിത്യ കരികാലൻ. കരികാലനായി എത്തുന്ന വിക്രത്തിന്റെ സ്ക്രീൻ പ്രസൻസ് എടുത്തു പറയേണ്ടതു തന്നെ. കരികാലന്റെ വികാരവിക്ഷോഭങ്ങൾ വിക്രത്തോളം പ്രതിഫലിപ്പിക്കാൻ മറ്റൊരു നടനും കഴിയുമെന്ന് തോന്നുന്നില്ല.

രണ്ടു ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ പ്രേക്ഷകന് മുന്നിൽ എത്തുന്നത്. ആദ്യഭാഗത്ത് നിറഞ്ഞു നിൽക്കുന്നത് കാർത്തി അവതരിപ്പിക്കുന്ന വള്ളുവരായൻ വന്ത്യത്തേവരാണ്. ഇന്റർവെല്ലിന് മുമ്പുവരെയും കാർത്തി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇന്ധനം. തനിക്ക് ലഭിച്ച കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. ഇന്റർവെല്ലിന് ശേഷമാണ് സാക്ഷാൽ പൊന്നിയൻ സെൽവൻ പ്രേക്ഷകന് മുന്നിൽ പ്രത്യക്ഷനാകുക. അരുൾമൊഴി വർമ്മൻ എന്ന പൊന്നിയൻ സെൽവനായി എത്തുന്നത് ജയംരവിയാണ്. കരിയറിലെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹവും നടത്തിയിരിക്കുന്നത്.

മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയുടെ പ്രകടനത്തെ കുറിച്ച് പറയാതെ പോയാൽ ഈ റിവ്യൂ പൂർണമാകില്ല. സമുദ്ര കുമാരി എന്ന അരയപ്പെണ്ണായി ഐശ്വര്യ നിറഞ്ഞു നിന്നു. നൃത്തരംഗങ്ങളിലെ ശോഭിത ദൂലിപാലയുടെ പ്രകടനം മികച്ചതായി. ശരത് കുമാർ, ജയറാം, പ്രഭു, പാർത്ഥിബൻ, റഹ്മാൻ, ലാൽ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനവും നീതി പുലർത്തി. ഇതിൽ ജയറാമിന്റെ അഭിനയത്തെ, അദ്ദേഹത്തിന്റെ കരിയർ ബെസ്‌റ്റ് എന്നുതന്നെ വിശേഷിപ്പിക്കാം.

സാങ്കേതിക വശങ്ങളിലേക്ക് വന്നാൽ, വിസ്‌മയകരമായ ഒരു തിയേറ്റർ അനുഭവമാണ് പൊന്നിയിൻ സെൽവൻ കാഴ്‌ചക്കാരന് സമ്മാനിക്കുന്നതെന്ന് സംശയലേശമില്ലാതെ പറയാം. എ ആർ റഹ്മാൻ സംഗീതം ചിത്രത്തിന് മുതൽക്കൂട്ടായി. പക്ഷേ, സംഗീതത്തേക്കാൾ മികച്ചു നിന്നത് പശ്ചാത്തല സംഗീതമാണെന്ന് തോന്നി. രവി വർമ്മന്റെ ക്യാമറ സൃഷ്‌ടിച്ചത് വിസ്‌മയം എന്നല്ലാതെ പറയാൻ മറ്റൊരു വാക്കില്ല. തോട്ട ദരണിയുടെ കലാസംവിധാനവും ശ്രീകർ പ്രസാദിന്റെ ചിത്രസംയോജനവും പൊന്നിയിൻ സെൽവൻ എന്ന മണി രത്നം ചിത്രത്തിന്റെ മാറ്റ് കൂട്ടുകയായിരുന്നു. ആക്ഷൻ രംഗങ്ങളെ ബ്രില്യന്റ് എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാം. ക്ളൈമാക്‌സിലെ കടൽ യുദ്ധമെല്ലാം കാണുമ്പോൾ ഒരു ഇന്ത്യൻ സിനിമയാണോ നമ്മൾ കാണുന്നത് എന്ന സംശയമല്ല, മറിച്ച് അഭിമാനമാകും പ്രേക്ഷകനിലുണ്ടാവുക.

കെച്ച കമ്പക്‌ടെ, ദിലിപ് സുബ്ബരായൻ, ശ്യാം കൗശൽ എന്നിങ്ങനെ മൂന്ന് ഫൈറ്റ് മാസ്‌‌റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. നൃത്തം ബൃന്ദ മാസ്‌റ്ററുടെ നേതൃത്വത്തിലും.

പ്രശസ്‌ത തിരക്കഥകൃത്ത് ജയമോഹനും മണിരത്നവും ചേർന്നാണ് പൊന്നിയിൻ സെൽവന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൽക്കിയുടെ കഠിനമായ തമിഴ് ഭാഷ്യത്തിന് ഡയലോഗുകൾ എഴുതുന്നതു തന്നെ ഭഗീരഥ പ്രയത്നമാണ്. അക്കാര്യത്തിൽ ഇരുവരും വിജയിച്ചു കഴിഞ്ഞു. ചോള- പാണ്ഡ്യ വൈരത്തിനപ്പുറം ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹിക സ്ഥിതി വിശേഷവും ചിത്രത്തിൽ പശ്ചാത്തലമായി സംവിധായകൻ പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നുണ്ട്. ശൈവ- വൈഷണവ സംഘർഷവും, ബുദ്ധമതത്തിന്റെ സ്വാധീനവും സിനിമയിൽ കാണാം.

രണ്ടര മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല പൊന്നിയിൻ സെൽവൻ. മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരം എന്നതിലുപരി ഇതൊരു മണിരത്നം ചിത്രമാണ്. ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഈ വിസ്‌മയത്തെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് പോലും നീതിയുക്തമല്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ പറഞ്ഞതല്ല ഇനി പറയാൻ പോകുന്നതാണ് പൊന്നിയിൻ സെൽവൻ.