ഇത്  ഗോദ്‌റെജ് നിർമ്മിച്ച ചിമേര, വീട്ടിലെ ലോക്കറിന് മാത്രമല്ല, അതിർത്തി കടക്കുന്ന ശത്രുക്കൾക്കും പൂട്ടിടാൻ ഈ ഇന്ത്യൻ കമ്പനിക്കാവും

Friday 30 September 2022 4:38 PM IST

രാജ്യത്തിനകത്തുള്ള കള്ളൻമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും വർഷങ്ങളായി ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന കമ്പനിയാണ് ഗോദ്‌റെജ്. മൂല്യമുള്ള വസ്തുക്കൾ സുരക്ഷിതമായി പൂട്ടിവയ്ക്കാനുള്ള സേഫുകളും, പൂട്ടുകളുമെല്ലാം കമ്പനി ഇറക്കുന്നുണ്ട്. ഇതിനൊപ്പം ഒട്ടനവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കിയ ഗോദ്‌റെജ്, ആത്മനിർഭർ ഭാരതിലൂടെ പ്രതിരോധ രംഗത്തും പ്രവേശിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വിശ്വാസം കാത്തുസൂക്ഷിച്ച ഗോദ്‌റെജ് ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് നിർമ്മിച്ച ആന്റി ഡ്രോൺ സിസ്റ്റമാണ് ഇപ്പോൾ ഡിഫൻസ് ചാനലുകളിൽ സംസാര വിഷയം.

ചിമേര
ചിമേര എന്ന് പേരിട്ടിരിക്കുന്ന ഒരു ആന്റി ഡ്രോൺ സിസ്റ്റമാണ് ഗോദ്‌റെജ് നിർമ്മിച്ചിരിക്കുന്നത്. അതിർത്തിക്കപ്പുറത്ത് നിന്ന് രാജ്യത്ത് ഡ്രോണുകളുടെ വർദ്ധിച്ചു വരുന്ന ഭീഷണി കണക്കിലെടുത്താണ് ചിമേര നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പാക് അതിർത്തിയിൽ നിന്നും മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് രാജ്യത്തേയ്ക്ക് അനധികൃതമായി എത്തിക്കുന്നത് തടയാൻ ആന്റി ഡ്രോൺ സിസ്റ്റം അനിവാര്യമാണ്. ഇതിന് പുറമെ വിവിഐപി സുരക്ഷയ്ക്കും ഡ്രോൺ ആക്രമണം വലിയ ഭീഷണിയാണ്.

അനായാസം കൊണ്ടു നടക്കാൻ കഴിയുന്ന ആന്റിഡ്രോൺ സിസ്റ്റമാണ് ചിമേര. ഒരു തോക്കുപോലെയാണ് കാഴ്ചയിൽ. സൈനികന് തോളിൽ വഹിക്കാൻ കഴിയുന്ന മാൻ പോർട്ട്ബുളിന് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന ശത്രുവിന്റെ ഡ്രോണിനെ തകർക്കാൻ കഴിയും. ഇതിനായി സൈനികന്റെ ബാഗിലായി ആന്റിനയും സ്ഥാപിക്കും. ഇതിൽ ഒരു നിശ്ചിത പരിധിയിലുള്ള ശത്രുവിന്റെ ഡ്രോണുകളെ ട്രാക്കുചെയ്യുകയും, അതിന്റെ റേഡിയോ ഫ്രീക്വൻസി തടസപ്പെടുത്തുകയും ചെയ്യും. ഇതോടെ, ശത്രു ഡ്രോൺ ഒന്നുകിൽ നിലത്ത് വീഴും അല്ലെങ്കിൽ അത് പറന്ന് തുടങ്ങിയ സ്ഥലത്തേക്ക് തിരികെ മടങ്ങും. ചിമേരയ്ക്ക് ഏത് ആളില്ലാ വിമാനത്തെയും വെടിവച്ചു വീഴ്ത്താൻ കഴിയുമെന്ന് കമ്പനിയുടെ സീനിയർ മാനേജർ സുമൻ മൊഹാപത്ര പറഞ്ഞു.

എന്നാൽ ഒരിടത്ത് ഉറപ്പിക്കാവുന്ന തരത്തിലുള്ള ആന്റി ഡ്രോൺ സിസ്റ്റവും കമ്പനി നിർമ്മിക്കുന്നുണ്ട്. വി വി ഐ പി സുരക്ഷ ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. നിലവിൽ രാജ്യത്തെ ചില സുരക്ഷാ ഏജൻസികൾ വിവിഐപി സുരക്ഷയിൽ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ, ഏജൻസികളുടെ പേരുകൾ വെളിപ്പെടുത്താൻ കമ്പനി വിസമ്മതിച്ചു.

Advertisement
Advertisement