ഇതിഹാസമായി പൊന്നിയിൻ സെൽവൻ

Saturday 01 October 2022 6:01 AM IST

മാസും ക്ളാസും ചേർന്ന മാസ്റ്റർപീസ്

രണ്ടാം ഭാഗം ആറുമാസം കഴിഞ്ഞ്

കൽക്കിയുടെ ചരിത്ര നോവൽ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ- 1 ഇതിഹാസ ചിത്രം എന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയും. അഭിനേതാക്കളുടെ പകർന്നാട്ടം, മണിരത്നത്തിന്റെ ഗംഭീര മേക്കിങ് ,എ.ആർ. റഹ്‌മാന്റെ സംഗീതം എന്നിവ പൊന്നിയിൻ സെൽവനെ മികച്ച കലാസൃഷ്ടിയാക്കി മാറ്റുന്നു.

മാസും ക്ളാസും ചേർന്ന മാസ്റ്റർ പീസ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജരാജ ചോഴൻ എന്നാണ് ജയം രവിയുടെ കഥാപാത്രത്തിന്റെ പേര്. ആദിത്ത കരികാലനായി വിക്രം, വന്തിയ തേവനായി കാർത്തി, നന്ദിനി രാജകുമാരിയായി ഐശ്വര്യറായി, കുന്ദവൈ രാജ്ഞിയായി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. ജയറാം, ശരത് ‌കുമാർ, ഐശ്വര്യലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്‌മാൻ തുടങ്ങിയ താരങ്ങളും ഗംഭീരപ്രകടനം കാഴ്ചവയ്ക്കു ന്നു. പത്താം നൂറ്റാണ്ടിലെ കാലഘട്ടത്തെ ദൃശ്യചാരുതയോടെ രവിവർമ്മൻ കാമറയിലാക്കിയിട്ടുണ്ട്. കലാസംവിധാനത്തിൽ തോട്ടാധരണിക്ക് നൂറിൽ നൂറു മാർക്ക്. ഗംഭീര കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ അടിത്തറ. ഇളങ്കോ കുമാരവേലു ഗംഭീരമായി തിരക്കഥ ഒരുക്കി. മണിരത്നവും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ രണ്ടാം ഭാഗം ആറുമാസം കഴിഞ്ഞ് തിയേറ്ററുകളിൽ എത്തും.