തരൂരിന്റെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിൽ,​ ഖേദം പ്രകടിപ്പിച്ച് തിരുത്തൽ, ഉത്തരവാദിത്വം തരൂരിനെന്ന് കോൺഗ്രസ്

Friday 30 September 2022 9:07 PM IST

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂർ എം.പി പുറത്തിറക്കിയ പ്രകടന പത്രിികയിലെ ഭൂപടം വിവാദത്തിൽ. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങൾ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂരിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പുറത്തിറക്കിയ തിങ്ക് ടുമാറോ,​ തിങ്ക് തരൂർ എന്ന പ്രകടന പത്രികയിൽ കോൺഗ്രസ് യൂണിറ്റുകൾ പ്രതിനിധീകരിച്ച് പോയിന്റുകളിൽ ചിത്രികരിച്ച ഭൂപടമാണ് വിവാദത്തിലായത്. വിവാദത്തിന് പിന്നാലെ തെറ്റുതിരുത്തി ഇന്ത്യയുടെ പൂ‌ർണ ഭൂപടം ഉൾപ്പെടുത്തുകയായിരുന്നു.

വിവാദ ഭൂപടം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബി.ജെ.പിയും ഭൂപട വിവാദം ഏറ്റുപിടിച്ചു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ അദ്ദേഹത്തിന്റെ അനുയായി ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം എന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. എന്നാൽ കോൺഗ്രസ് വിവാദത്തിൽ നിന്ന് അകലം പാലിച്ചു. ഈ ഗുരുതരമായ തെറ്റ് ശശി തരൂരും സംഘവും പരിഹരിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പ്രതികരിച്ചു.

അതേസമയം വിഷയത്തിൽ നിരുപാധികം മാപ്പ് ചോദിച്ച് ശശി തരൂർ രംഗത്തെത്തി. വോളണ്ടിയർമാരുടെ ഒരു ചെറിയ സംഘം തെറ്റു ചെയ്തു. ഞങ്ങൾ അത് ഉടനെ തിരുത്തി. പിശകിനി നിരുപാധികം മാപ്പ് ചോദിക്കുന്നതായി തരൂർ ട്വീറ്റ് ചെയ്തു.