ജില്ലാ കമ്മിറ്റി ഓഫീസും ട്രസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി: പി.എഫ്.ഐക്ക് താഴിട്ട് കണ്ണൂരും കാസർകോടും

Friday 30 September 2022 9:25 PM IST
കാസർകോട് നായൻമാർമൂല പാണാലത്തെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസറ്റ് ഓഫിസ് പൂട്ടി സീൽ ചെയ്യുന്നു.

കണ്ണൂർ\കാസർകോട്: കാസർകോട്ട് രണ്ടും കണ്ണൂരിൽ മൂന്നും ഇടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും അനുബന്ധ ട്രസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി സീൽ ചെയ്ത് പൊലീസ്. എൻ.ഐ.എയുടെ നോട്ടീസിന് പിന്നാലെയാണ് പൊലീസ് എത്തി ഓഫീസുകൾ അടച്ചുപൂട്ടിയത്.

കണ്ണൂർ ടൗൺ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥാണ് ഓഫിസ് പൂട്ടി സീൽ ചെയ്തത്.നിരോധനത്തെ തുടർന്ന് ഓഫീസ് കണ്ടുകെട്ടുകയാണെന്നും ഓഫീസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും എൻ.ഐ.എയുടെ നോട്ടീസിൽ ചൂണ്ടിക്കാട്ടി. 22ന് ഈ ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയത്. പിന്നീട് പി.എഫ്.ഐ ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

ഇരിട്ടി പുന്നാട് പുറപ്പാറയിലെ കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെന്ററായി പ്രവർത്തിച്ചുവന്ന പി.എഫ്.ഐയുടെ ഓഫീസും പൊലീസ് താഴിട്ട് പൂട്ടി. ഇന്നലെ വൈകുന്നേരത്തോടെ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സീൽ ചെയ്തത്.പോപുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തലശ്ശേരി കായ്യത്തിലെ കരുണാ ഫൗണ്ടേഷൻ ഓഫീസ് തലശേരി ഇൻസ്‌പെക്ടർ എ.അനിലിന്റെ നേതൃത്വത്തിലെത്തിയാണ് ഇന്നലെ വൈകുന്നേരം പൂട്ടിച്ചത്. ഓഫീസിനുള്ളിൽ സൂക്ഷിച്ച ലഘുലേഖകൾ ,ബാനറുകൾ, റസീറ്റ് ബുക്കുകൾ, തുടങ്ങിയവയും പൊലിസ് കണ്ടെത്തി.ഓഫീസിനു സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിൽ കുറുവടികളും കണ്ടെത്തി.

കാസർകോട് അടച്ചൂപൂട്ടിയത് ട്രസ്റ്റ് ഓഫീസുകൾ

കാസർകോട്: പോപ്പുലർ ഫ്രണ്ടിന്റെ പേരുകളിൽ ജില്ലയിൽ പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ഓഫീസുകളാണ് ഇന്നലെ രാത്രി ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം പൊലീസ് പൂട്ടി സീൽ വച്ചത്. വിദ്യാനഗർ നായന്മാർമൂല പെരുമ്പള റോഡിൽ പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് കാസർകോട് ഡിവൈ.എസ്. പി വി വി മനോജിന്റെ നേതൃത്വത്തിലും പടന്ന എം.ആർഹൈസ്‌കൂൾ പരിസരത്തു പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ്, ഇന്നലെ സന്ധ്യക്ക് എത്തിയ കാഞ്ഞങ്ങാട് ഡിവൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുമാണ് താഴിട്ടുപൂട്ടിയത്.

ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ഇന്നലെ വൈകുന്നേരം ആറരക്ക് എത്തിയ ഡിവൈ.എസ്.പിയും സംഘവും പരിശോധന നടത്തി ഫർണിച്ചറുകൾ നമ്പറിട്ടു രജിസ്റ്റർ ചെയ്ത ശേഷമാണ് താഴിട്ട് പൂട്ടിയത്. ഇവിടെ എൻ. ഐ ഉദ്യോഗസ്ഥർ ഉച്ചക്ക് എത്തി ഓഫീസിൽ നോട്ടീസ് പതിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി രാത്രി എട്ട് മണിയോടെയാണ് പടന്നയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടച്ചുപൂട്ടിയ പൊലീസ് മടങ്ങിയത്. രണ്ട് ഓഫീസുകളിൽ നിന്നും കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് ഡിവൈഎസ്.പിമാർ പറഞ്ഞു.

Advertisement
Advertisement