യു പിയിലെ മദ്രസകളിൽ ഇനി ദേശീയഗാനം ആലപിക്കണം, പുതുക്കിയ സമയക്രമം അടക്കമുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാ‌ർ

Friday 30 September 2022 9:28 PM IST

ലക്നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഉത്തരവ്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയാണ് പുതുക്കിയ പ്രവർത്തന സമയം. ഇതിന് മുൻപ് പകൽ ഒമ്പത് മുതൽ വൈകുന്നേരം രണ്ട് മണി വരെയായിരുന്നു മദ്രസകൾ പ്രവ‌ർത്തിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ ദേശീയ ഗാനം ആലപിക്കണമെന്നും നിർദേശമുണ്ട്.

രാവിലെ ഒമ്പത് മണിയ്ക്ക് പ്രാർത്ഥനയും പിന്നീട് ദേശീയ ഗാനാലാപനവും നടക്കും. തുടർന്ന് 9.20 മുതൽ ഉച്ചയ്ക് 12 വരെയും ഇടവേളയ്ക്ക് ശേഷം 12.30 മുതൽ മൂന്ന് മണി വരെയും പഠനം തുടരും. . അറബി, ഉറുദു, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതായിമദ്രസ വിദ്യാഭ്യാസ ബോർഡ് ചെയര്‍മാന്‍ ഇഫ്തിക്കര്‍ അഹമ്മദ് ജാവേദ് അറിയിച്ചു. സംസ്ഥാനത്തിലെ എല്ലാ മദ്രസകളും പുതുക്കിയ സമയക്രമം നടപ്പിലാക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിങ് ഉത്തരവിൽ നിർദേശിക്കുന്നുണ്ട്

യു പിയിലെ 75 ജില്ലകളിൽ മദ്രസകളുടെ സർവ്വേ നടന്നു വരികേയാണ് സമയക്രമം പുനഃ ക്രമീകരിച്ച് കൊണ്ടുള്ള പുതിയ അറിയിപ്പുണ്ടാകുന്നത്. സെപ്തംബർ 10ന് ആരംഭിച്ച സർവ്വേയുടെ വിവരങ്ങൾ 25 ദിവസത്തിനകം കളക്ടർമാക്ക് കൈമാറണമെന്ന കർശന നിർദേശമുണ്ട്. കളക്ടർമാർ റിപ്പോർട്ട് സ്വീകരിച്ച് ഒക്ടോബർ 25നകം സംസ്ഥാന സർക്കാരിന് കൈമാറും.

Advertisement
Advertisement