ഒടുവിൽ ഓർമ്മിച്ചു, ആ റോഡി​ന് പേരി​ട്ട്...

Saturday 01 October 2022 12:13 AM IST
എസ്.എൽ.പുരം സദാനന്ദൻ റോ‌ഡ്

എസ്.എൽ പുരം സദാനന്ദന് നാടി​ന്റെ ആദരം

ആലപ്പുഴ: മലയാള തിരക്കഥയ്ക്ക് ആദ്യമായി​ ദേശീയ പുരസ്കാരം നേടി കേരളത്തി​ന്റെ അഭി​മാനമായി​ മാറി​യ എസ്.എൽ പുരം സദാനന്ദന്, വൈകി​യെങ്കി​ലും ആദരം നൽകി​ ജന്മനാട്. വീടും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണുമുള്ള സ്ഥലത്തിന് സമീപത്ത് കൂടിയുള്ള എസ്.എൽ പുരം - പാണകുന്നം റോഡ് പുനർനിർമ്മിച്ച് അദ്ദേഹത്തിന്റെ പേര് നൽകിയാണ് നാട് ബാദ്ധ്യത നി​റവേറ്റി​യത്.

മരണാനന്തര ബഹുമതി​ പോലും എസ്.എൽ പുരത്തി​ന് നൽകി​യി​ല്ലെന്ന ആക്ഷേപങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അതി​നാണ് ഭാഗി​ക പരി​ഹാരമായി​രി​ക്കുന്നത്. പ്രദേശത്തെ പുറമ്പോക്ക് ഭൂമി വിശ്രമകേന്ദ്രമായി മാറ്റാനുള്ള പദ്ധതി മുൻ പഞ്ചായത്ത് ഭരണ സമിതിയാണ് തുടങ്ങിവച്ചത്. പാർക്കിൽ എസ്.എൽ പുരം സദാനന്ദന്റെ പ്രതിമ സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും 15 ലക്ഷത്തോളം ചെലവ് വരുന്ന പ്രതിമ സ്ഥാപിക്കൽ ഒഴിവാക്കണമെന്ന, സദാനന്ദന്റെ മകൻ ജയസോമയുടെ സ്നേഹാഭ്യർത്ഥന പഞ്ചായത്ത് അംഗീകരിക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച്, ഇന്റർലോക്ക് ടൈലുകൾ പാകി, ഇരിപ്പിടങ്ങൾ നിർമ്മിച്ച പാർക്ക് ഇന്ന് പ്രദേശവാസികളുടെ ഇഷ്ട സ്പോട്ടായി മാറിയിരിക്കുകയാണ്.

# ഉദയയ്ക്ക് കൈത്താങ്ങ്

പാർക്ക് നിർമ്മാണം പൂർത്തിയായതോടെ, പ്രദേശവാസിയും വിധവയുമായ ഉദയയ്ക്ക് പുതി​യൊരു ജീവി​ത വഴി​കൂടി​യായി​. രണ്ട് പെൺമക്കളുള്ള ഉദയ, പാർക്കിൽ തട്ടുകടയി​ട്ടു. വൈകിട്ട് മൂന്നു മുതൽ ചായയും കടി വിഭവങ്ങളുമായി നല്ല കച്ചവടം. ഇതിനിടെ പാർക്കിൽ നിന്ന് കടയൊഴിപ്പിക്കാനുള്ള ചി​ല നീക്കങ്ങളും നടക്കുന്നുണ്ട്. അച്ഛന്റെ പേരിൽ നിർമ്മിച്ച പാർക്ക് ഒരു കുടുംബത്തിന് ജീവിതമാർഗ്ഗമാകുന്നത് എസ്.എൽ പുരം സദാനന്ദൻ എന്ന അതുല്യ പ്രതിഭയ്ക്ക് ലഭി​ക്കുന്ന ആദരവാണെന്ന് അദ്ദേഹത്തിന്റെ മകൻ ജയസോമ പറഞ്ഞു.

മലയാളത്തിലേക്ക് ദേശീയ പുരസ്കാരം എത്തിച്ചിട്ടും മരണാനന്തര ബഹുമതി പോലും ലഭിക്കാത്ത ആളാണ് അച്ഛൻ. അച്ഛന്റെ പേരിൽ കേവലം പ്രതിമ സ്ഥാപിക്കുന്നതല്ല, ആ പദ്ധതി കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകുന്നതാണ് അദ്ദേഹത്തിനും ഞങ്ങൾക്കും സന്തോഷം

വൈ.എസ്.ജയസോമ (എസ്.എൽ പുരം സദാനന്ദന്റെ മകൻ)

Advertisement
Advertisement