ആംബുലൻസിന് കടന്നുപോകാനായി യാത്ര അവസാനിപ്പിച്ച് പ്രധാനമന്ത്രി, വി ഐ പി സംസ്കാരമില്ലെന്ന് ബി ജെ പി

Friday 30 September 2022 11:34 PM IST

അഹമ്മദാബാദ്: ആംബുലൻസിന് കടന്നു പോകാനായി വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി പ്രധാനമന്ത്രി . ഗുജറാത്തിലെ ദ്വിദിന സന്ദർശനത്തിനിടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച അഹമ്മദാബാദിൽ നിന്നും ഗാന്ധിനഗറിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആംബുലൻസ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് നരേന്ദ്ര മോദി സഞ്ചരിച്ചിരുന്ന കാറടക്കമുള്ള വാഹനവ്യൂഹം ആംബുലൻസ് കടന്ന് പോകുന്നത് വരെ നിർത്തിയിടുകയായിരുന്നു.

അഹമ്മദാബാദിലെ ദൂരദർശൻ കേന്ദ്രത്തിന് സമീപം സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത ശേഷം ഗാന്ധിനഗറിലെ രാജ്ഭവനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ആംബുലൻസ് കണ്ട് റോഡിന്റെ വശത്തിലേയ്ക്ക് ഒതുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. മോദിയുടെ കാലഘട്ടത്തിൽ വി ഐ പി സംസ്കാരമില്ല എന്ന അടിക്കുറിപ്പോടെ ബി ജെ പി നേതാവ് രുജ്വിത്ത് പട്ടേൽ ട്വിറ്ററിൽ പങ്കുവെച്ച സംഭവത്തിന്റെ വീഡിയോ മറ്റു ബി ജെ പി പ്രവർത്തകരും ഏറ്റെടുത്തതിന് പിന്നാലെ വൈറലായി മാറി.