സെൻട്രൽ വിസ്തയ്ക്ക് മുകളിലെ ദേശീയ ചിഹ്നത്തിനെതിരായ ഹർജി തള്ളി

Saturday 01 October 2022 12:45 AM IST

ന്യൂഡൽഹി: സെൻട്രൽ വിസ്തയ്ക്ക് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ചിഹ്നത്തിന്റെ ഡിസൈൻ 2005ലെ സ്റ്റേറ്റ് എംബ്ലം ഒഫ് ഇന്ത്യ(അനുചിതമായ ഉപയോഗത്തിനെതിരായ നിരോധനം) നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ജസ്റ്റിസ് എം.ആർ ഷാ,ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ചിഹ്നം കണ്ടിട്ടുണ്ടെന്നും ഇതിൽ നിയമലംഘനത്തിന്റെ പ്രശ്നമില്ലെന്നും കോടതി വ്യക്തമാക്കി. പ്രധാനമന്ത്രി ജൂലായിൽ അനാച്ഛാദനം ചെയ്ത ചിഹ്നത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് ചിഹ്നത്തിന്റെ പവിത്രത ലംഘിക്കുന്നതാണെന്നും അഭിഭാഷകരായ അൽദാനിഷ് റെയ്നും രമേഷ് കുമാർ മിശ്രയും സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. സാരാനാഥ് മ്യൂസിയത്തിലെ ചിഹ്നത്തിലുള്ള സിംഹങ്ങൾ വളരെ ശാന്തരായാണ് കാണപ്പെടുന്നതെന്നും സെൻട്രൽ വിസ്തയിൽ സ്ഥാപിച്ച ചിഹ്നത്തിലെ സിംഹങ്ങൾ ആക്രമണോത്സുകരായ നിലയിലാണെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement