5ജി മിന്നൽ ഇന്റർനെറ്റ്; മോദി ഇന്ന് പ്രഖ്യാപിക്കും

Saturday 01 October 2022 12:20 AM IST

തിരുവനന്തപുരം:രാജ്യത്ത് അതിവേഗ 5 - ജി ഇന്റർനെറ്റ് സേവനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാവിലെ പത്തിനാണ് പരിപാടി. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. ഇന്നു മുതൽ 4 വരെയാണ് മൊബൈൽ കോൺഗ്രസ്. 'നവ ഡിജിറ്റൽ പ്രപഞ്ചം ' എന്നതാണ് പ്രമേയം.

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഇന്ന് മുതൽ 5 ജി സേവനം കിട്ടുമെന്നാണ് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഏതൊക്കെ നഗരങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല.

തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിർജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷൻ വീഡിയോ സ്ട്രീമിംഗ് എന്നിവ 5ജി സാങ്കേതികവിദ്യ നൽകും.

കഴിഞ്ഞ മാസം നടന്ന 5 ജി സ്‌പെക്ട്രം ലേലത്തിൽ മുന്നിൽ എത്തിയ റിലയൻസ് ജിയോ 88,000 കോടി രൂപയുടെ സ്പെക്ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5 ജി മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ തന്നെ പത്തു കോടി ആളുകൾക്ക് 5 ജി സ്‌മാർട്ട് ഫോണുകൾ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ അവർ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്സൺ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്‌മാർട്ട് ഫോണുകളുടെ വിൽപ്പന കുതിച്ചുയരും.

Advertisement
Advertisement