ജീവിതത്തില്‍ വെളിച്ചം പകര്‍ന്നു; പുരസ്‌കാര നിറവില്‍ പൗലോസ്

Saturday 01 October 2022 12:33 AM IST
പൗലോസ്

തൃശൂർ: നാട്ടിലോ ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വീട്ടിൽ മരണമുണ്ടായാൽ പൗലോസ് അവിടെയെത്തും. നേത്രദാനത്തെക്കുറിച്ച് ബോധവത്കരിക്കും. കണ്ണുകൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ചാൽ നേത്രബാങ്കുമായി ബന്ധപ്പെടും. ആ കണ്ണുകൾ മറ്റൊരാൾക്ക് കാഴ്ചയാകുന്നത് വരെ കൂടെയുണ്ടാകും, പൗലോസ്.

നേരിൽ കാണാത്ത, തമ്മിൽ പരിചയമില്ലാത്ത ആയിരക്കണക്കിന് ആളുകളുടെ കണ്ണിലെ വെളിച്ചമാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ കഴിയുന്ന സി.വി. പൗലോസിന് ഈ വർഷത്തെ വയോജന ദിനാഘോഷത്തിൽ സംസ്ഥാന സർക്കാരിന്റെ ആദരവും സ്വന്തം.

നിരവധി പേർക്ക് കാഴ്ച കിട്ടാനായി നേത്രദാന രംഗത്ത് സജീവ പ്രവർത്തനം കാഴ്ചവച്ചതിനാണ് 82കാരനായ താഴെക്കാട് സ്വദേശി ചിരിയത്ത് വീട്ടിൽ പൗലോസിന് അംഗീകാരം ലഭിച്ചത്. മികച്ച സാമൂഹിക സേവനത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരാമർശത്തിന് അർഹനാകുമ്പോൾ തൃശൂരിനും അഭിമാനനേട്ടം.

കണ്ണഞ്ചിപ്പിക്കുന്ന നേട്ടം

44 വർഷമായി നേത്രദാനരംഗത്ത് പ്രവർത്തിക്കുന്ന പൗലോസിലൂടെ ജീവിതത്തിന്റെ നിറം തിരിച്ചുപിടിച്ചത് 1200 ഓളം പേരാണ്. 1960ൽ വിൻസെന്റ് ഡി. പോൾ എന്ന സംഘടന നടത്തിയ നേത്ര ചികിത്സാക്യാമ്പിൽ സംഘാംഗമായിരുന്ന പൗലോസ് പ്രചോദനം ഉൾക്കൊണ്ടാണ് നേത്രദാന രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയത്. മൂന്ന് വർഷം മുൻപ് മരിച്ച ഭാര്യ റോസിയുടെ കണ്ണുകളും ദാനം ചെയ്തിരുന്നു. ഒരു വ്യക്തിയുടെ നേത്രദാനം രണ്ട് പേർക്ക് കാഴ്ച ലഭിക്കാൻ പര്യാപ്തമാണ്.

കർഷകനായ പൗലോസ് പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനത്തിലും സജീവമാണ്. ഏഴ് മക്കളുണ്ട്. നേത്രദാന രംഗത്തെ സജീവ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

എന്റെ സേവനത്തിലൂടെ നിരവധി പേർക്ക് വെളിച്ചം പകരാനായതിലും പുരസ്‌കാരം ലഭിച്ചതിലും അതിയായ ന്തോഷമുണ്ട്.

- പൗലോസ്.

Advertisement
Advertisement