യുക്രെയിനിലെ നാല് പ്രദേശങ്ങൾ റഷ്യയിൽ

Saturday 01 October 2022 5:33 AM IST

മോസ്കോ: യുക്രെയിനിൽ പിടിച്ചെടുത്ത ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌, ഖേഴ്സൺ, സെപൊറീഷ്യ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. ഇന്നലെ മോസ്കോയിലെ ഗ്രാൻഡ് ക്രെംലിൻ പാലസിലെ സെന്റ് ജോർജ് ഹാളിലായിരുന്നു പുട്ടിന്റെ പ്രഖ്യാപനം. പ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേർക്കുന്നത് അംഗീകരിക്കുന്ന കരാറിൽ പുട്ടിൻ ഒപ്പിട്ടു.

നാലിടങ്ങളിൽ റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ തലവൻമാരും വെവ്വേറെ കരാറുകളിൽ ഒപ്പിട്ടു. റഷ്യയ്ക്ക് പുതിയ നാല് മേഖലകൾ കൂടിയുണ്ടെന്ന് പുട്ടിൻ പ്രസംഗത്തിനിടെ പറഞ്ഞു. ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌, ഖേഴ്സൺ, സെപൊറീഷ്യ പ്രദേശങ്ങൾ ഇപ്പോൾ റഷ്യയുടേതാണെന്നും ഇവിടുത്തെ ജനങ്ങൾ എന്നും റഷ്യൻ പൗരന്മാർ ആയിരിക്കുമെന്നും പുട്ടിൻ പറഞ്ഞു.

അതേസമയം, കൂട്ടിച്ചേർക്കൽ നടപടികൾ സംബന്ധിച്ച വ്യക്തമായ വിവരം റഷ്യ പുറത്തുവിട്ടില്ല. പ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ കൂടെ ചേരുന്നതിന്റെ ഔപചാരിക നടപടികൾ വരുംദിനങ്ങളിൽ നടക്കും. അടുത്താഴ്ച ഭരണഘടനാ കോടതിയും പിന്നാലെ റഷ്യൻ പാർലമെന്റും കൂട്ടിച്ചേർക്കൽ അംഗീകരിക്കുകയും ഇവയെ റഷ്യൻ ഫെഡറേഷന്റെ ഭാഗമാക്കി ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്യും. ഒക്ടോബർ ആദ്യ വാരത്തിനുള്ളിൽ നിയമ നടപടികൾ പൂർത്തിയാക്കാനാണ് റഷ്യയുടെ നീക്കം.

 പുട്ടിൻ ഔദ്യോഗികമായി കൂട്ടിച്ചേർത്തിരിക്കുന്നത് ?

യുക്രെയിന്റെ 15 ശതമാനത്തിലേറെ പ്രദേശം ( 90,000 ചതുരശ്ര കിലോമീറ്ററിലേറെ)

ഏകദേശം ഹംഗറി,​ പോർച്ചുഗൽ എന്നിവയോളം വലിപ്പം

2014ൽ പിടിച്ചെടുത്ത കരിങ്കടൽ തീരത്തെ ക്രൈമിയ കൂടി ചേരുമ്പോൾ യുക്രെയിന്റെ ആകെ അഞ്ചിൽ ഒന്ന് ഭാഗത്തോളം റഷ്യ കൈവശപ്പെടുത്തിയെന്ന് കാണാം

 ഏതൊക്കെ ?

ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌, ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകളിലെ റഷ്യൻ നിയന്ത്രിത മേഖലകൾ. ഇതിൽ ഡൊണെസ്കിനെയും ലുഹാൻസ്കിനെയും ഫെബ്രുവരിയിൽ സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ പ്രഖ്യാപിച്ചിരുന്നു. സെപൊറീഷ്യയേയും ഖേഴ്സണേയും വ്യാഴാഴ്ച രാത്രി പുട്ടിൻ സ്വതന്ത്രമായി പ്രഖ്യാപിച്ചു.

 ഈ പ്രവിശ്യകൾ പൂർണമായും റഷ്യൻ നിയന്ത്രണത്തിലാണോ ?

അല്ല. ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌, ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകളുടെ മുക്കാൽ ഭാഗമാണ് റഷ്യ പിടിച്ചെടുത്തത്. ചെറിയ ഒരു ഭാഗം യുക്രെയിന്റെ കൈയ്യിൽ ഇപ്പോഴും തുടരുകയാണ്. നാല് പ്രവിശ്യകളും പൂർണമായി പിടിച്ചെടുക്കാനായാൽ യുക്രെയിൻ 22 ശതമാനത്തോളം റഷ്യയുടെ പക്കലാകും.

ഡൊണെസ്‌കും ലുഹാൻസ്‌കും ഉൾപ്പെടുന്ന കിഴക്കൻ ഡോൺബാസ് മേഖലയിൽ യുക്രെയിന്റെ കൈവശമുള്ളതും എന്നാൽ റഷ്യൻ സൈന്യത്തിന്റെ ശക്തമായ പോരാട്ടം തുടരുന്നതുമായ 3 ശതമാനം പ്രദേശവും റഷ്യ കൂട്ടിച്ചേർത്തതിൽ ഉൾപ്പെടുന്നു.

 കൂട്ടിച്ചേർക്കൽ അനധികൃതം

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഹിത പരിശോധനയിലൂടെയാണ് കൂട്ടിച്ചേർക്കൽ നടത്തിയത്. റഷ്യൻ നിയന്ത്രണത്തിലായിരുന്ന ഖേഴ്സൺ, സെപൊറീഷ്യ ഭാഗങ്ങളിൽ റഷ്യ പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിച്ചിരുന്നു. ഡൊണെസ്‌ക്, ലുഹാൻസ്‌ക്‌ എന്നിവിടങ്ങൾ ഫെബ്രുവരി മുതൽ റഷ്യൻ അനുകൂല വിമത ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഹിതപരിശോധന വ്യാജമാണെന്നും ഫലങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നതായും യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ആരോപിച്ചിരുന്നു. റഷ്യ പറയുന്നത്ര ജനപിന്തുണ ഹിതപരിശോധനയിൽ ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്നും യുക്രെയിൻ പറയുന്നു.

 ഹിത പരിശോധന

 നടന്നത് ഈ മാസം 23 മുതൽ 27 വരെ

 റഷ്യ നൽകുന്ന ഹിതപരിശോധനാ ഫലം ഇങ്ങനെ ( ശതമാനത്തിൽ );

സെപൊറീഷ്യ - 93.11

ഖേഴ്സൺ - 87.05

ലുഹാൻസ്ക് - 98.42

ഡൊണെസ്ക് - 99.23

 എല്ലാം വേഗത്തിൽ

അടുത്തിടെ ഖാർക്കീവിലേത് ഉൾപ്പെടെയുള്ള നഗരങ്ങളും ഗ്രാമങ്ങളും യുക്രെയിൻ തിരിച്ചപിടിച്ചിരുന്നു. കിഴക്കൻ മേഖലയിൽ യുക്രെയിന്റെ അപ്രതീക്ഷിത മുന്നേറ്റം വിജയംകണ്ടതോടെയാണ് കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ നഷ്ടമാകാൻ അവസരം നൽകാതെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർക്കാൻ പുട്ടിൻ തീരുമാനിച്ചത്.

 ഇനി ?

 കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങളിൽ യുക്രെയിൻ പ്രകോപനം ഉണ്ടായാൽ ഫലം ഭീകരമാകുമെന്ന് റഷ്യ. ആണവായുധങ്ങൾ പോലും പ്രയോഗിക്കപ്പെട്ടേക്കാം

 യു.എസ്, നാറ്റോ എന്നിവർ സൈനികരെ നൽകില്ലെങ്കിലും യുക്രെയിന്റെ ചെറുത്തുനിൽപ്പിന് ആയുധങ്ങൾ നൽകും. പാശ്ചാത്യ ആയുധങ്ങളും റഷ്യ പ്രകോപനമായി കാണും

 റഷ്യയ്ക്ക് മേൽ യു.എസിന്റെയും യൂറോപ്യൻ യൂണിയന്റെയും കടുത്ത ഉപരോധങ്ങൾ ഉണ്ടാകും

Advertisement
Advertisement