പോപ്പുലർ ഫ്രണ്ട് നോട്ടമിട്ടിരുന്നത് കേരളത്തിലെ അഞ്ച് ആർ എസ് എസ് നേതാക്കളെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഇവരുടെ പേരുകളടങ്ങിയ പട്ടിക കണ്ടെത്തി

Saturday 01 October 2022 10:28 AM IST

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കേരളത്തിലെ അ‌ഞ്ച് ആർഎസ്എസ് നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ചു. പിഎഫ്ഐയിൽ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സുരക്ഷ അനുവദിച്ചത്.

കേരളത്തിൽ എൻഐഎ നടത്തിയ റെയ്ഡിൽ പിഎഫ്ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നിന്നും അഞ്ച് ആർഎസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടികയും കണ്ടെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധസൈനിക വിഭാഗത്തിന്റെ കമാൻഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരിൽ അഞ്ച് പേർ സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേർ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവർത്തിക്കും.

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർ നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.