5ജി പ്രഖ്യാപന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് സേവനങ്ങൾ വിവരിച്ചുനൽകിയത് ആകാശ് അംബാനി, ശ്രദ്ധയോടെ കേട്ടുനിന്ന് പിതാവ്

Saturday 01 October 2022 10:59 AM IST

ന്യൂഡൽഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5ജി സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ വിവിധ ടെലികോം കമ്പനികൾ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുനൽകി. റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ മേധാവി രവീന്ദർ ടക്കർ, കുമാർ മംഗളം ബീർള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പിതാവ് മുകേഷ് അംബാനിയുടെ സാന്നിദ്ധ്യത്തിൽ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയാണ് പ്രധാനമന്ത്രിയ്ക്ക് വിശദാംശങ്ങൾ വിവരിച്ചുനൽകിയത്. മറ്റ് കമ്പനി പ്രതിനിധികളും 5ജിയുടെ ഉപയോഗവും പ്രയോജനവും സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

തടസമില്ലാത്ത കവറേജ്, ഉയർന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിർജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷൻ വീഡിയോ സ്ട്രീമിംഗ് എന്നിവയാണ് 5ജി സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങൾ.

കഴിഞ്ഞ മാസം ജൂലായിൽ നടന്ന 5ജി സ്‌പെക്ട്രം ലേലത്തിൽ മുന്നിൽ എത്തിയ റിലയൻസ് ജിയോ 88,000 കോടി രൂപയുടെ സ്പെക്ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5ജി മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ തന്നെ പത്തു കോടി ആളുകൾക്ക് 5 ജി സ്‌മാർട്ട് ഫോണുകൾ ഉണ്ടെന്നും 5ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ അവർ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്സൺ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5ജി സ്‌മാർട്ട് ഫോണുകളുടെ വിൽപ്പന കുതിച്ചുയരും.