വീട്ടിൽ വളർത്താൻ ലക്ഷങ്ങൾ വിലവരുന്ന ആഫ്രിക്കൻ പെരുമ്പാമ്പുകളെ കൊണ്ടുവന്നത് ട്രെയിനിൽ; കണ്ണൂർ സ്വദേശിക്ക് പിഴയിട്ട് റെയിൽവേ

Saturday 01 October 2022 11:00 AM IST

കണ്ണൂർ: ട്രെയിനിൽ ആഫ്രിക്കൻ ബാൾ പൈത്തൻ വിഭാഗത്തിലുള്ള പെരുമ്പാമ്പിനെ കൊണ്ടുവന്നതിന് പിഴയിട്ട് റെയിൽവേ. കണ്ണൂർ സ്വദേശി മുഹമ്മദ് ഇഷാമിന് വേണ്ടിയായിരുന്നു ലക്ഷങ്ങൾ വിലയുള്ള നാല് പാമ്പിൻ കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.


ആഫ്രിക്കയിൽ നിന്ന് ഏജൻസി വഴിയാണ് പാമ്പിനെ ഡൽഹിയിലെത്തിച്ചത്. അവിടെ നിന്ന് രാജധാനി എക്‌സ്‌പ്രസിലെ എ സി കോച്ചിലാണ് പാമ്പുകളെ കൊണ്ടുവന്നത്. യാത്രക്കാരുള്ള കോച്ചിൽ കൊണ്ടുവന്നതിന് റെയിൽ വേ ആക്ടിലെ 145 (ബി) വകുപ്പ് പ്രകാരം അഞ്ഞൂറ് രൂപയാണ് പിഴ അടയ്‌ക്കേണ്ടിവന്നത്.

പിഴ അടച്ചതോടെ മുഹമ്മദ് ഇഷാമിന് പാമ്പിനെ വിട്ടുകൊടുത്തു. വീട്ടിൽ വളർത്തി വിൽക്കാൻ വേണ്ടിയാണ് പാമ്പിനെ കൊണ്ടുവന്നത്. ഡൽഹി ഏജൻസി വഴിയാണ് ബുക്ക് ചെയ്തത്. കൊറിയർ‌ വഴി അയക്കാനായിരുന്നു പറഞ്ഞത്. എന്നാൽ രാജധാനി എക്‌‌സ്‌പ്രസിലെ കരാർ ജീവനക്കാരന് തുക നൽകി പാമ്പുകളെ അയച്ചത് അറിയില്ല. അതുമാത്രമാണ് പിഴവ് സംഭവിച്ചത്. ബാക്കി എല്ലാ രേഖകളും കൈവശമുണ്ടെന്ന് മുഹമ്മദ് ഇഷാം പറഞ്ഞു.