ആശ്വസിക്കാം, പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് ഇങ്ങനെ

Saturday 01 October 2022 11:44 AM IST

ന്യൂഡൽഹി: പാചകവാതക വിലയിൽ നേരിയ മാറ്റം വരുത്തി ഇന്ത്യൻ എണ്ണ കമ്പനികൾ. വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. പത്തൊൻപത് കിലോ വാണിജ്യ സിലിണ്ടറിന് വില 1896.50 രൂപയിൽ നിന്ന് 1863 രൂപയായി കുറഞ്ഞു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കുറഞ്ഞ നിരക്ക് നിലവിൽ വരുന്നതോടെ ഡൽഹിയിൽ സിലിണ്ടറിന്റെ വില 1885ൽ നിന്ന് 1859 രൂപയായി കുറയും. ചെന്നൈയിൽ 19 കിലോ സിലിണ്ടറിന്റെ വില 2045 രൂപയിൽ നിന്ന് 2009.50 ആയി മാറി.കൊൽക്കത്തയിൽ വില 1995.50 രൂപയും മുംബയിൽ 1811.50 എന്നിങ്ങനെയാണ് വാണിജ്യ സിലിണ്ടറിന്റെ നിരക്ക്.

സെപ്തംബർ ഒന്നിനാണ് വാണിജ്യ സിലിണ്ടറിന്റെ വില അവസാനമായി കുറച്ചത്. 19 കിലോ സിലിണ്ടറിന്റെ വില 91.50 രൂപയായിരുന്നു കുറഞ്ഞത്. അതിന് മുൻപ് ഓഗസ്റ്റ് ഒന്നിനും വിലയിൽ ഇടിവ് വന്നിരുന്നു. 36 രൂപയായിരുന്നു അന്ന് കുറഞ്ഞത്.

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിൽ അവസാനമായി വിലയിൽ മാറ്റം വന്നത് ജൂലായിലാണ്. 14.2 കിലോ സിലിണ്ടറിന്റെ വില യൂണിറ്റ് ഒന്നിന് 50 രൂപ വർദ്ധിച്ചിരുന്നു. അതിന് മുൻപായി മേയ് 19നും ഗാർഹിക സിലിണ്ടറിന് വിലയിൽ മാറ്റം വന്നിരുന്നു.

Advertisement
Advertisement