ഇന്ത്യ ഇതിഹാസം കുറിച്ചിരിക്കുന്നു, യുവാക്കൾക്ക് വലിയ അവസരം, 5ജി സേവനം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Saturday 01 October 2022 12:44 PM IST

ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായി.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലാരംഭിച്ച ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ നാല് മെട്രോനഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. ദീപാവലിയോടെ സേവനം ലഭിക്കും. ന്യൂഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. കേരളത്തിൽ അടുത്ത വർഷമായിരിക്കും 5ജി ലഭിക്കുന്നത്.

'5ജിയോടൊപ്പം രാജ്യം ഇതിഹാസം കുറിച്ചിരിക്കുകയാണ്. 5ജിയ്ക്ക് തുടക്കമായതോടെ ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിയിരിക്കുന്നു. ഭാരതം മുന്നിൽ നയിക്കുകയാണ്. 5ജി രാജ്യത്തെ യുവാക്കൾക്ക് വലിയ അവസരങ്ങൾ നൽകും. വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും മുന്നോട്ട് കുതിക്കുകയാണ്. മറ്റ് ലോകരാജ്യങ്ങൾക്കൊപ്പം പടിപടിയായി ഇന്ത്യയും വികസനപാതയിലാണ്. ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് വലിയ നേട്ടമാണിത്.

ഡിജിറ്റൽ ഇന്ത്യ കേവലമൊരു സർ‌ക്കാ‌ർ പദ്ധതിയല്ല മറിച്ച് രാജ്യവികസനത്തിനായുള്ള വലിയൊരു ദർശനമാണ്. സാധാരണക്കാരിലേയ്ക്കും ഈ നേട്ടം എത്തിക്കുകയെന്നതാണ് ഈ ദ‌ർശനത്തിന്റെ അന്തിമ ലക്ഷ്യം. 5ജി സേവനപ്രക്രിയ ആരംഭിച്ചപ്പോൾ തന്നെ താൻ ആവശ്യപ്പെട്ടത് സമഗ്രമായ പദ്ധതിയാണ്. ആത്മനിർഭർ ഭാരതം എന്ന നേട്ടം കൈവരിച്ചാൽ മാത്രമേ ഉപകരണങ്ങളുടെ വില കുറയുകയുള്ളൂ. ലക്ഷക്കണക്കിന് മൊബൈൽ ഫോണുകൾ വിദേശത്ത് നിന്ന് വരുത്തുകയാണ് ചെയ്തത്. അതിനാൽ തന്നെ രാജ്യം ആത്മനിർഭർ ആകണമെന്ന് താൻ കുറിച്ചിട്ടു. രാജ്യത്തെ മൊബൈൽ നിർമാണ യൂണിറ്റുകൾ വർദ്ധിപ്പിച്ചു. ഇന്ന് ഇന്ത്യ മൊബൈൽ ഫോൺ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ്. മാത്രമല്ല നമ്മൾ ഇന്ന് കോടിക്കണക്കിന് മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നു'- 5ജി സേവനം ഉദ്ഘാടനം ചെയ്യവേ മോദി വ്യക്തമാക്കി.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ വിവിധ ടെലികോം കമ്പനികൾ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുനൽകി. റിലയൻസ് ജിയോ, എയർടെൽ, ക്വൽകോം, വോഡഫോൺ-ഐഡിയ തുടങ്ങിയ കമ്പനി പ്രതിനിധികൾ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുനൽകി. 5ജി സേവനത്തിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മനസിലാക്കി.

എട്ട് നഗരങ്ങളിൽ ഇന്ന് തന്നെ 5ജി തുടങ്ങുമെന്ന് എയർടെൽ വ്യക്തമാക്കി. 2023 ഡിസംബറിൽ രാജ്യമെങ്ങും 5ജി ലഭിക്കുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുമെന്നും പ്രഖ്യാപനം.

തടസമില്ലാത്ത കവറേജ്, ഉയർന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിർജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷൻ വീഡിയോ സ്ട്രീമിംഗ് എന്നിവയാണ് 5ജി സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങൾ.