കോട്ടയത്തേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ, വീടിന്റെ തറ തുരന്ന് പരിശോധിച്ചു; ബി ജെ പി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

Saturday 01 October 2022 1:08 PM IST

കോട്ടയം: ചങ്ങനാശ്ശേരിയിൽ വീട്ടിൽ കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആര്യാട് പഞ്ചായത്തിലെ കിഴക്കേ തയ്യിൽ ബിന്ദുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ഇയാളെ കാണാതായത്. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് ബിന്ദുമോന്റെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ നിന്ന് ബിന്ദുമോന്റെ ബൈക്ക് കിട്ടിയിരുന്നു. തുടർന്ന് ഇയാളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ മൃതദേഹം കിട്ടിയിരിക്കുന്ന പ്രദേശത്ത് ഇയാൾ എത്തിയിട്ടുണ്ടെന്ന് മനസിലായി.

ഈ പ്രദേശത്ത് ബിന്ദുമോന്റെ സുഹൃത്ത് മുത്തുകുമാറിന്റെ വീടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ഇയാൾ ഒളിവിലാണ്. മുത്തുകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ അവിടെ തറയിൽ അടുത്തിടെ എന്തോ പണി നടന്നതായി വ്യക്തമായി. തുടർന്ന് ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിദ്ധ്യത്തിൽ അൽപം മുമ്പ് പരിശോധന നടത്തുകയായിരുന്നു.

ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് മുത്തുകുമാർ. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളുണ്ട്. ഇവരെ ഇരുപത്തിയാറാം തീയതി ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മുത്തുകുമാറും ആലപ്പുഴ സ്വദേശിയാണ്‌. അവിവാഹിതനായ ബിന്ദുമോൻ ബി ജെ പി പ്രവർത്തകനാണ്.