അപരൻ കുഴഞ്ഞ് വീണ് മരിച്ചു, ദുഃഖ വാ‌ർത്ത പങ്കുവെച്ച് സൽമാൻ ഖാൻ

Saturday 01 October 2022 8:02 PM IST

മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഡബിൾ സാഗർ പാണ്ഡേ(50) കുഴഞ്ഞ് വീണു മരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ വെള്ളിയാഴ്ച ആയിരുന്നു സാഗർ കുഴഞ്ഞ് വീണത്. ഉടനെ തന്നെ മുംബൈയിലെ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാന്റെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുള്ള സാഗറിന്റെ മരണവാർത്ത ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിളായ പ്രശാന്ത് വാൽഡെയാണ് പുറത്തു വിട്ടത്.

ഉത്തർ പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ സാഗർ പാണ്ഡേ സൽമാൻ ഖാന്റെ പഴയകാല ചിത്രമായ കുഛ് കുഛ് ഹോതാ ഹേയിലൂടെയാണ് ബോഡി ഡബിളായി അരങ്ങേറ്റം കുറിച്ചത്. ദബാംഗ്, ട്യൂബ് ലൈറ്റ്, ബജ്‌രംഗി ഭായിജാൻ അടക്കം അമ്പതോളം ചിത്രങ്ങളിൽ തനിക്ക് വേണ്ടി പ്രവർത്തിച്ച സാഗർ പാണ്ഡേയുടെ വിയോഗത്തിൽ സൽമാൻ ഖാനും അനുശോചനമറിയിച്ചു.