തോക്കുമായി നഗരത്തിൽ കവർച്ചയ്ക്കിറങ്ങിയ സംഘത്തിന്റെ തലവൻ യു.പിയിൽ പൊലീസ് പിടിയിൽ,​ കൂട്ടാളിക്കായി തെരച്ചിൽ

Sunday 02 October 2022 1:04 AM IST

തിരുവനന്തപുരം: നഗരത്തിൽ തോക്കുമായി കവർച്ചയ്ക്കിറങ്ങി ജനങ്ങളെയും പൊലീസിനെയും വിറപ്പിച്ച കൊള്ളസംഘത്തിന്റെ തലവനെ യു.പിയിലെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പൊക്കി. യു.പി ബറേലി തെഹ്സിൽ ബഹേരി പിപ്രനങ്കർ വില്ലേജിൽ ജലീൽ അഹമ്മദിന്റെ മകൻ മൊഹ്ദ് മോനിഷാണ് (25) പിടിയിലായത്. കവർച്ചയിൽ ഇയാളുടെ കൂട്ടാളിയായുണ്ടായിരുന്ന സുഹൃത്തിനായി യു.പിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മൊഹ്ദ് മൊനിഷിനെ ചോദ്യം ചെയ്തതിൽ നിന്ന് കൂട്ടാളികളെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കേരളമുൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കവർച്ചകൾ ഇവരുടെ സംഘം നടത്തിയതായാണ് വിവരം.

കവർച്ചയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22ന് പകലാണ് നഗരത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും അപഹരിച്ച സംഘം ഇടപ്പഴഞ്ഞി സ്വദേശിയായ അദ്ധ്യാപികയുടെ വീട്ടിൽ കവർച്ചാശ്രമവും നടത്തി. അദ്ധ്യാപികയുടെ വീടിന്റെ കതക് പൊളിക്കാൻ ശ്രമിക്കുന്നത് കണ്ട് ചോദ്യം ചെയ്ത യുവാവിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട സംഘം ശ്രീകണ്ഠപുരത്ത് ഇവരുടെ സ്കൂട്ടർ തടയാൻ ശ്രമിച്ച വഞ്ചിയൂർ സ്റ്റേഷനിലെ പൊലീസുകാരന് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് കവർച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ട‍ർ ഉപേക്ഷിച്ച് ഇവർ യു.പിയിലേക്ക് കടന്നത്. തുണിക്കച്ചവടത്തിനെന്ന വ്യാജേന കോവളം സ്വദേശിയായ ദസ്തജീറിൽ നിന്ന് വാടകയ്ക്ക് എടുത്ത സ്കൂട്ടറാണ് സംഘം കവർച്ചയ്ക്ക് ഉപയോഗിച്ചത്. ദസ്തജീറിന് വാഹനം വാടകയ്ക്കെടുക്കാൻ നൽകിയിരുന്ന തിരിച്ചറിയൽ രേഖകളാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് ഫോർട്ട് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ യു.പിയിലെത്തിയ പൊലീസ് സംഘം യു.പി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി വലയിലായത്.

Advertisement
Advertisement