ഡ്രൈഡേയിൽ മദ്യവില്പന: പ്രതി പിടിയിൽ

Sunday 02 October 2022 1:05 AM IST

തിരുവനന്തപുരം: ബിവറേജസ് അവധി ദിവസങ്ങളിൽ മദ്യവില്പന പതിവാക്കിയ യുവാവ് എക്സൈസ് പിടിയിലായി. കല്ലറ പള്ളിമുക്ക് അഭിനാൻ മൻസിൽ ഷിബുവാണ് (42) വാമനപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കല്ലറ, കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി മദ്യവില്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. പ്രദേശത്ത് ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും കറങ്ങി മദ്യവില്പന നടത്തുന്നതായി വ്യാപക പരാതിയെ തുടർന്ന് എക്സൈസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.

ഇന്നലെയും ഇന്നും മദ്യഷാപ്പുകൾ അവധിയായത് ലാക്കാക്കി മദ്യം ശേഖരിച്ച് അമിത വിലയ്ക്ക് വിറ്റഴിച്ച് വരികയായിരുന്നു. വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഓട്ടോ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. 20 കുപ്പി മദ്യവും മദ്യം വിറ്റ പണവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ എക്സൈസ് ഉദ്യോഗസ്ഥരായ ഷിജിൻ, അനീഷ്, ലിബിൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.