ആശയ്ക്ക് ഗർഭലക്ഷണം

Sunday 02 October 2022 12:40 AM IST

ഭോപ്പാൽ: ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെത്തിയ ചീറ്റപ്പുലികളിലൊന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി 'ആശ' എന്ന് പേരിട്ട ചീറ്റയാണ് ഗർഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. പെരുമാറ്റവും ഹോർമോൺ വ്യതിയാനവും നിരീക്ഷിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ മാത്രമേ ഗർഭം സ്ഥിരീകരിക്കാനാകുവെന്ന് ഉദ്യോഗസ്ഥ‌ർ പറയുന്നു. അങ്ങനെയെങ്കിൽ നമീബിയയിൽ വച്ചാകും ഇണചേരൽ ഉണ്ടായതെന്നും അത് അവിടെ നിന്നുമുളള മറ്റൊരു സമ്മാനമാകുമെന്നും ചീറ്റ കൺസർവേഷൻ ഫണ്ട് (സി.സി.എഫ്) എക്സിക്യുട്ടീവ് ഡയറക്ട‌ർ ഡോ. ലാറി മാർക്കർ പറഞ്ഞു.

അവളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്വകാര്യതയും നിശബ്ദതയും നൽകേണ്ടതുണ്ടെന്നും അതിനായി ചുറ്റുവട്ടത്ത് ഒരു വൈക്കോൽ കൂര സ്ഥാപിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ 240 മുതൽ 425 ഗ്രാം വരെയാണ് ചീറ്റക്കുഞ്ഞുങ്ങൾക്ക് തൂക്കമുണ്ടാകുക. നാഷണൽ പാർക്കുകളിലും സംരക്ഷിത വനങ്ങളിലും ചീറ്റക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയർന്നതാണെന്നത് പ്രതിസന്ധിയാണ്.

നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എട്ട് ചീറ്റപ്പുലികളെ എത്തിച്ചത്.

Advertisement
Advertisement