ഇൻഡോർ ആറാം തവണയും ശുചിത്വ നഗരം

Sunday 02 October 2022 12:51 AM IST

ന്യൂഡൽഹി: രാജ്യത്തെ ശുചിത്വ നഗരത്തിനുള്ള സ്വച്ഛ് സർവേക്ഷൺ അവാർഡ് തുടർച്ചയായി ആറാം വർഷവും മദ്ധ്യപ്രദേശിലെ ഇൻഡോർ കരസ്ഥമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിനു മുകളിൽ ജനവാസമുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഇൻഡോർ. ഗുജറാത്തിലെ സൂറത്ത് തുടച്ചയായി മൂന്നാം തവണയും രണ്ടാമത്തെ ശുചിത്വ നഗരമായി. നവി മുംബയ് മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ പ്രമുഖരും വി.ഐ.പികളും ഉൾപ്പെടുന്ന ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻ.ഡി.എം.സി) ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2020ൽ എൻ.ഡി.എം.സി അഞ്ചാം സ്ഥാനത്തായിരുന്നു. ആദ്യ അഞ്ചിൽ ഇടംപിടിച്ച നഗരങ്ങളിൽ നാലും മഹാരാഷ്ട്രയിലേതാണ്. രാജ്യത്തെ 62 പ്രതിരോധ കേന്ദ്രങ്ങളും ഗംഗ തടങ്ങളിലെ 91 ടൗണുകളും ഉൾപ്പെടെ 4,345 നഗരസഭകളിലാണ് സർവേ നടന്നത്. 62 പ്രതിരോധ കേന്ദ്രങ്ങളിൽ മഹാരാഷ്ട്രയിലെ ദിയാലാലി ഒന്നാമതെത്തി. മദ്ധ്യപ്രദേശിലെ അഹമ്മദാബാദും മുഹോയും രണ്ടും മൂന്നും സ്ഥാനത്തും ഡൽഹി പ്രതിരോധ കേന്ദ്രം അഞ്ചാം സ്ഥാനത്തുമാണ്. മൂന്ന് ഘട്ടങ്ങളിലായി പല തരത്തിലാണ് നഗരങ്ങളുടെ ശുചിത്വം വിലയിരുത്തുന്നത്. നഗരസഭാ അധികൃതർ ശുചിത്വത്തിനായി കൈക്കൊള്ളുന്ന നടപടികളും നഗരസഭ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചും നഗരവാസികളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയുമാണ് സർവേ. ശുചിത്വത്തിൽ വിശാഖപട്ടണം, വിജയവാഡ, ഭോപ്പാൽ, തിരുപ്പതി, മൈസൂർ എന്നീ നഗരങ്ങൾ നാല് മുതൽ എട്ട് വരെ സ്ഥാനങ്ങളിലാണ്. അംബികപൂർ പത്താംസ്ഥാനം നേടി.

ഒരു ലക്ഷത്തിനു താഴെ ജനവാസമുള്ള സ്ഥലങ്ങളിൽ സൗത്ത് ഈസ്റ്റ് മുംബയിലെ പഞ്ച്ഗനി മുനിസിപ്പാലിറ്റി സ്വച്ഛ് സർവേക്ഷൺ അവാർഡ് കരസ്ഥമാക്കി. ഗുജറാത്തിലെ പാടൻ, മഹാരാഷ്ട്രയിലെ കരാദ്, പൂനെയിലെ ലോനാവാല, റായ്ഗഡിലെ കർജാട് എന്നീ മുനിസിപ്പാലിറ്റികളാണ് ശുചിത്വത്തിൽ പഞ്ച്ഗനിയ്ക്ക് പിന്നിലുള്ളത്.

Advertisement
Advertisement