ഗുജറാത്തിൽ അരവിന്ദ് കേജ്‌രിവാളിന് നേരെ ആക്രമണം; കുപ്പി എറിഞ്ഞത് നവരാത്രി ആഘോഷത്തിനിടെ

Sunday 02 October 2022 10:40 AM IST

രാജ്‌കോട്: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് നേരെ ഗുജറാത്തിൽ ആക്രമണം. രാജ്‌കോട്ടിൽ ഖോദൽധാം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കവെയാണ് കേജ്‌രിവാളിന് നേരം ആരോ കുപ്പി എറിഞ്ഞത്. പ്ളാസ്‌റ്റിക് കുപ്പിയാണ് അദ്ദേഹത്തിന് നേരെ എറിഞ്ഞതെന്ന് പുറത്തുവന്ന വീഡിയോയിൽ കാണാം.

പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ദ് മന്നിനൊപ്പമാണ് കേജ്‌രിവാൾ ഇവിടെ സന്ദർശിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇരുവരും ഗുജറാത്തിലെത്തിയത്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിന് മുന്നോടിയായി ആം ആദ്‌മി പാർട്ടി നേതാക്കൾ നിരന്തരം ഗുജറാത്തിൽ സന്ദർശനം നടത്തുകയാണ്.

മുൻപ് അഹമ്മദാബാദിൽ സന്ദർശനം നടത്തിയ കേജ്‌രിവാൾ ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തിയിരുന്നു. ഗു‌റാത്തിലെ ഒരു ശുചീകരണ തൊഴിലാളിയായ ഹർഷിനെ തന്റെ വസതിയിലേക്ക് കേജ്‌രിവാൾ ക്ഷണിക്കുകയും ചെയ്‌തിരുന്നു.

അധികാരത്തിലെത്തിയാൽ ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും സർക്കാർ സ്‌കൂളുകൾ തുടങ്ങുമെന്നും നർമ്മദാ നദിയിൽ നിന്നും കച്ചിൽ വെള‌ളമെത്തിക്കുമെന്നും ആം ആദ്‌മി പാർട്ടി വാഗ്‌ദാനം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 33 ജില്ലകളിലും സൗജന്യമായി ചികിത്സിക്കാൻ ആശുപത്രികൾ തുടങ്ങുമെന്നും കേജ്‌രിവാൾ വാഗ്‌ദ്ധാനം ചെയ്‌തിട്ടുണ്ട്.