'അന്ന് വെടിവയ്പ്പിന് മുന്നിലേയ്ക്കാണ് കോടിയേരിയും ഞാനും ചാടിയത്'; സമര നിമിഷങ്ങൾ ഓർത്തെടുത്ത് ഇ പി ജയരാജൻ

Sunday 02 October 2022 11:45 AM IST

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഞ്ച് പതിറ്റാണ്ടോളം ഒന്നിച്ച് പ്രവർത്തിച്ചവരാണ് ഇ പി ജയരാജനും കോടിയേരി ബാലകൃഷ്ണനും. ഇ പിയ്ക്ക് വെറുമൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല കോടിയേരി. പല സമരമുഖങ്ങളിലും ഒന്നിച്ച് പോരാടി വിജയിച്ചവരാണ്. അതിന്റെ ഓർമ്മകൾ മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ് ഇ പി.

'ഞങ്ങൾ തമ്മിൽ 50 വർഷത്തെ പരിചയമുണ്ട്. വിദ്യാർത്ഥി യുവജന രംഗത്ത് ഒന്നിച്ച് പ്രവർത്തിച്ച് വന്നവരാണ്. അതിലൂടെയാണ് പാർട്ടിയിലെത്തുന്നത്. മികച്ച സംഘാടകനായിരുന്നു അദ്ദേഹം. എപ്പോഴും സൗമ്യഭാവമായിരുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയം, കണ്ണൂർ കളക്ടറേറ്റിൽ നടന്ന പരിപാടിക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. പ്രകടനത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടക്കുന്നതരിഞ്ഞ് ഞാനും കോടിയേരിയും ഓടിയെത്തി. അപ്പോൾ കണ്ടത് റോഡിൽ അഞ്ച് പത്തുപേർ നിരന്നുകിടന്ന് വെടിവയ്ക്കുന്നതാണ്. അതിന് മുന്നിലേയ്ക്ക് ഞങ്ങൾ ചാടി. പിന്നീട് അന്നത്തെ പൊലീസ് സൂപ്രണ്ട് ജോർജ് ഞങ്ങളോട് പറഞ്ഞു, നിങ്ങൾ ചെയ്തത് വലിയ അബദ്ധമായിപ്പോയി. നിങ്ങളോട് വിരോധമുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടായിരുന്നെങ്കിലോ? ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഒന്നിച്ച് നിന്ന് പോരാടിയവരാണ് ഞങ്ങൾ. '- ഇ പി പറഞ്ഞു.

'ഞങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലും അടുത്ത ബന്ധമാണ്. ചെന്നൈയിൽ ചികിത്സയ്ക്ക് വേണ്ടി പോകുന്നതിന് മുമ്പാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. ചെന്നൈയിൽ സന്ദർശിക്കണമെന്നാഗ്രഹിച്ചെങ്കിലും ഡോക്ടർമാർ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അന്ന് സാധിച്ചിരുന്നില്ല.'- ഇ പി കൂട്ടിച്ചേർത്തു.