തരൂർ വരേണ്യ വർഗത്തിന്റെ പ്രതിനിധി, ഖാർഗെയ്‌ക്ക് അനുഭവ സമ്പത്തും പരിചയവുമുണ്ടെന്ന് ഗെലോട്ട്

Sunday 02 October 2022 3:16 PM IST

ജയ്‌പൂർ: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മല്ലികാർജുന ഖാർ‌ഗെ എല്ലാവർക്കും സ്വീകാര്യനാണെന്നും ദളിത് വിഭാഗത്തിൽ നിന്നും വരുന്ന അദ്ദേഹത്തിന് നിർമ്മലമായ ഹൃദയമുണ്ടെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. ശശി തരൂർ നല്ല മനുഷ്യനാണ്, ഉയർന്ന ചിന്താഗതിയുണ്ട് പക്ഷെ അദ്ദേഹം വരേണ്യവർഗത്തിൽ നിന്നുമുള‌ളയാളാണെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.

വരേണ്യ വർഗത്തിന്റെ പ്രതിനിധിയാണ് ശശി തരൂർ. പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ അനുഭവ സമ്പത്ത് ഖാർഗെയ്‌ക്കുണ്ട് അതിനാൽ പാർട്ടിയുടെ ബൂത്ത്, ബ്ളോക്ക്, ജില്ലാ തലത്തിൽ അദ്ദേഹത്തിന് പാർട്ടിയെ ശക്തിപ്പെടുത്താനാകുമെന്ന് ഗെലോട്ട് പറഞ്ഞു. ഖാർഗെയ്‌ക്ക് ഇത് ഏകപക്ഷീയമായ മത്സരം ആകുമെന്നും വിജയം ഉറപ്പാണെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖാർഗെ രാജിവച്ചിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന പാർ‌ട്ടി നിലപാടനുസരിച്ചായിരുന്നു ഇത്. 9000ലധികം പിസിസി പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഒക്‌ടോബർ 17നാണ് വോട്ടിംഗ്. ഒക്‌ടോബർ 19ന് ഫലം പുറത്തുവരും.