കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ, ഇനി പിടികൂടാനുള്ളത് മൂന്ന് പേരെ

Sunday 02 October 2022 4:44 PM IST

തിരുവനന്തപുരം: കെ എസ് ആർ ടി സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ ജീവനക്കാർ മർദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതിയായ അജികുമാർ ആണ് പിടിയിലായത്. പന്നിയോട് നിന്നാണ് ഇയാളെ പിടികൂടിയത്. അജികുമാർ മെക്കാനിക്കാണ്.

കേസിൽ ആകെ അഞ്ച് പ്രതികളാണ് ഉള്ളത്. ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. രണ്ടാം പ്രതിയായ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച റിമാൻഡ് ചെയ്തു. നേരത്തെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാസം ഇരുപതിനായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്. മകളുടെ കൺസഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമനൻ. കൂടെ മകളും അവളുടെ സുഹൃത്തും ഉണ്ടായിരുന്നു. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ഇത് ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് ജീവനക്കാർ പ്രേമനനെ മർദിക്കുകയായിരുന്നു.