അടിസ്ഥാന സൗകര്യങ്ങളും നവീകരണങ്ങളും നിലച്ച നിലയ്ക്കാമുക്ക് മാർക്കറ്റ്

Monday 03 October 2022 1:18 AM IST

കടയ്ക്കാവൂർ: പലസ്ഥലങ്ങളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം നിലയ്ക്കാമുക്ക് മാർക്കറ്റിനുള്ളിൽ കയാറൻപോലും കഴിയാത്ത അവസ്ഥയാണ്. മത്സ്യവില്പ സ്ഥത്തുന്ന നിന്നും ഒഴുകിയെത്തുന്ന മലിനജലം മാർക്കറ്റിനുള്ളിലെ ടോയ്‌ലെറ്റിന് സമീപത്ത് കെട്ടിക്കിടന്ന് പുഴുവരിച്ച നിലയിലാണ്. മാർക്കറ്റിനുള്ളിൽ ഉദ്ഘാടന മാമാങ്കത്തോടെ നടത്തിയ ഖരമാലിന്യസംസ്കരണ പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിക്കാതെ പൂട്ടി. വെയിലും മഴയുമേറ്റ് മരച്ചില്ലകളിൽ കെട്ടിയ ടാർപ്പാളിന്റെ തണലിലാണ് ഇവിടുത്തെ വ്യാപാരികൾ കച്ചവടം ചെയ്യുന്നത്. ടൊയ്‌ലെറ്റ് ഉണ്ടെങ്കിലും അത് ഉപയോഗയോഗ്യമല്ല. മാർക്കറ്റിലെ വിവിധയിടങ്ങളിൽ മതിലുകൾ പൊട്ടി പൊളിഞ്ഞു കിടക്കുന്നു. പുല്ലും പാഴ് ചെടികളും വളർന്ന് ഇഴജന്തുക്കളുടെ താവളമാണ് മാർക്കറ്റിന് അകം. മാലിന്യം കുന്നുകൂടുന്നതോടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യത്തിൽ ചവിട്ടിവേണം മാർക്കറ്റിനുള്ളിൽ കയറാൻ. മീനും, പച്ചക്കറി, മൺപാത്രങ്ങൾ, ഈറ്റ ഉത്പനങ്ങൾ, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് കച്ചവടത്തിനെത്തുന്നത്. രാവിലെ 9 മുതൽ ഉച്ചവരെയാണ് പ്രവർത്തനം. വക്കം, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ്, ചിറയിൻകീഴ്, മണമ്പൂർ പഞ്ചായത്തുകളിൽ നിന്ന് നിരവധി പേരാണ് കച്ചവടത്തിനും സാധനങ്ങൾ വാങ്ങുന്നതിനുമായി ചന്തയിലെത്തുന്നത്. വക്കം ഗ്രാമ പഞ്ചായത്തിന് മികച്ച വരുമാനം നൽകുന ചന്തയിൽ ഒന്നാണിത്. ഏഴ് ലക്ഷത്തിന് പുറത്താണ് ചന്തയിലെ ലേലം നടക്കുന്നത്. കച്ചവടത്തിനെത്തുന്നവർ സൗകര്യമില്ലെങ്കിലും ഇരിപ്പിടത്തിനായി 30 രൂപ കരം നൽകണം. ചന്തയിൽ കുടിവെള്ളമോ, ഉപയോഗപ്രധമായ ടൊയ്‌ലെറ്റോ ഇല്ല.

വൃത്തിഹീനമായ മാർക്കറ്റിനുള്ളിൽ മീൻ വാങ്ങാൻ പോലും ആളുകൾ എത്താതായി. ഇതോടെ കച്ചവടക്കാർ സാധനങ്ങളുമായി റോഡിന് ഇരുവശത്തും നിരന്നു. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. ഖരമാലിന്യ സംസ്കരണത്തിനായി 2014 ൽ ഒരുക്കിയ സംവിധാനം ഒരു ദിവസം പോലും പ്രവർത്തിക്കാതെ ഉദ്ഘാടനത്തിലൊതുങ്ങി. അറവ്ശാലയും പ്രവർത്തിക്കുന്നില്ല. തെരുവ് നായ്ക്കൾ ചന്ത കൈയടക്കിയിരിക്കുകയാണ്.

ചന്തയോട് ചേർന്ന് എൽ.പി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ചന്തയിൽ നിന്നുള്ള ദുർഗന്ധം സ്കൂളിലെ പ്രവർത്തനത്തേയും ബാധിച്ചതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ചന്തയ്ക്കുള്ളിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Advertisement
Advertisement