ഗുരുഗ്രാമിലെ 10,000 ഏക്കറിൽ വരുന്നു ലോകത്തിലെ വലിയ സഫാരി പാർക്ക്

Monday 03 October 2022 12:56 AM IST

ചണ്ഡീഗഡ്: ആരവല്ലി പർവതനിരയിൽ 10,000 ഏക്കറിലായി ലോകത്തിലെ വലിയ ജംഗിൾ സഫാരി പാർക്ക് വികസിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. ഗുരുഗ്രാം,നുഹ് ജില്ലകളിലായാണ് പാർക്ക് നിർമ്മിക്കുന്നത്. ആരവല്ലി പർവതനിരയെ സംരക്ഷിക്കാനും പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.

കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഹരിയാന സർക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്ര സർക്കാർ ഹരിയാനയ്‌ക്ക് ഫണ്ട് നൽകും. കൂടാതെ, പദ്ധതിക്കായി അന്താരാഷ്ട്ര പ്രവർത്തന പരിചയമുള്ള രണ്ട് കമ്പനികളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. പാർക്കിന്റെ രൂപകല്പന, മേൽനോട്ടം, നടത്തിപ്പ് എന്നിവയ്ക്കായുള്ള രാജ്യാന്തര ഡിസൈൻ മത്സരത്തിൽ കമ്പനികൾ മത്സരിക്കും. പദ്ധതി നിയന്ത്രിക്കാൻ ആരവല്ലി ഫൗണ്ടേഷൻ രൂപീകരിക്കുമെന്നും ഖട്ടർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മനോഹർ ലാൽ ഖട്ടറും ഷാർജയിലെ ജംഗിൾ സഫാരി സന്ദർശിക്കുകയും ചെയ്തു.

ജൈവ സമ്പന്നമായി ആരവല്ലി

 പക്ഷികൾ- 180 ഇനം

 സസ്തനികൾ- 15 ഇനം

 ജലജീവികളും ഉരഗങ്ങളും- 29 ഇനം

 ചിത്രശലഭങ്ങൾ- 57 ഇനം

 പദ്ധതി ഗുരുഗ്രാം, നുഹ് ജില്ലകളിൽ

 സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പങ്കാളികൾ

പദ്ധതിയുൾപ്പെടുന്നവ

 വലിയ ഹെർബേറിയം

 പക്ഷികൾക്കായി വലിയ കൂട്

 സസ്യഭുക്കുകൾക്കായി വലിയ പ്രദേശം

 വിദേശ മൃഗങ്ങൾ/പക്ഷികൾക്കുള്ള സ്ഥലം

 വെള്ളത്തിനടിയിലുള്ള ലോകം

 പ്രകൃതിദത്ത പാതകൾ

 സന്ദർശകർക്കായി ടൂറിസം സോണുകൾ

 ബൊട്ടാണിക്കൽ ഗാർഡൻ

Advertisement
Advertisement