ഇയാന് പിന്നാലെ ഓർലീൻ
മെക്സിക്കോ സിറ്റി: ഇയാന് പിന്നാലെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആശങ്ക സൃഷ്ടിച്ച് 'ഓർലീൻ" കൊടുങ്കാറ്റ് മെക്സിക്കോയുടെ പസഫിക് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. മെക്സിക്കൻ തീരത്ത് കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ള ഓർലീൻ ഇന്നലെ ശക്തമായ കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടു.
മെക്സിക്കോയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിലാണ് ഓർലീൻ നീങ്ങുന്നതെന്ന് യു.എസിലെ നാഷണൽ ഹറികെയ്ൻ സെന്റർ ജാഗ്രത നൽകി. ഇന്നോ നാളെയോ മെക്സിക്കോ തീരത്ത് നിലംതൊടുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ പസഫിക് തീരപ്രദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മെക്സിക്കൻ സിവിൽ പ്രൊട്ടക്ഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി.
മേയ് - നവംബർ മാസങ്ങൾക്കിടെയിൽ മെക്സിക്കോയുടെ പസഫിക്, അറ്റ്‌ലാൻഡിക് തീരങ്ങളിലേക്ക് കൊടുങ്കാറ്റുകൾ വീശാനുള്ള സാദ്ധ്യതയേറെയാണ്. 1997ലുണ്ടായ പൗള കൊടുങ്കാറ്റിൽ മെക്സിക്കോയുടെ പസഫിക് തീരത്ത് കനത്ത നാശമുണ്ടാകുകയും 200ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു.